“ചേട്ടാനോട് പറഞ്ഞാൽ ജൂലിയുടെ ജീവനെ കരുതി കുഞ്ഞൊന്നും വേണ്ടെന്ന് തീരുമാനിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ജൂലി ചേട്ടനിൽ നിന്നും ഇക്കര്യത്തെ രഹസ്യമാക്കി വച്ചത്. കൂടാതെ ചേട്ടനെ വിഷമിപ്പിക്കാൻ അവള്‍ക്ക് കഴിയാത്തത് കൊണ്ടും കൂടിയാണ്. ഇതൊന്നും ചേട്ടനോട് പറയരുത് എന്നും എന്നെക്കൊണ്ട് ജൂലി സത്യം ചെയ്യിപ്പിച്ചു… പക്ഷേ ചേട്ടനോട് സത്യം പറഞ്ഞാൽ ചേട്ടൻ ജൂലിയെ വളരെ കരുതലോടെ നോക്കിക്കോളും എന്ന മനസ്സമാധാനം എനിക്ക് കിട്ടും. അതുകൊണ്ടാ ഞാൻ ഇപ്പൊ ചേട്ടനോട് പറഞ്ഞത്.”
“പക്ഷേ ഇത് അന്യായ റിസ്ക് ആണ് അവൾ എടുത്തത്. ഈ ഗർഭം കാരണം ജൂലിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാൻ എങ്ങനെ… എനിക്ക് എങ്ങനെ….” ആലോചിക്കാൻ പോലും കഴിയാതെ ഭ്രാന്തമായി ഞാൻ നടന്നു.
“ഈ ഗർഭം ഒഴിവാക്കണം… എനിക്ക് ജൂലിയാണ് വലുത്….” പറഞ്ഞിട്ട് ഞാൻ വിരണ്ടു പുറത്തേക്ക് പോകാൻ തുടങ്ങിയതും ദേവി ചാടി എഴുനേറ്റ് എന്നെ പിടിച്ചു വച്ചു.
“ജൂലി സമ്മതിക്കില്ല, ചേട്ടാ. ഞാൻ നേരത്തെ അവളോട് സംസാരിച്ച് കഴിഞ്ഞു. ചേട്ടൻ പറഞ്ഞാലും സമ്മതിക്കില്ല എന്ന് ജൂലി തീര്‍ത്തു പറഞ്ഞു. അവള്‍ ““മരിച്ചാലും വേണ്ടില്ല, അവസാനം വരെ പൊരുതി ഞങ്ങടെ കുഞ്ഞിന് ഞാൻ ജന്മം കൊടുക്കും..”” എന്നായിരുന്നു ജൂലിയുടെ വായിൽ നിന്നും വീണ വാക്കുകൾ. ജൂലി തീരുമാനിച്ച് കഴിഞ്ഞു, അതുകൊണ്ട് ചേട്ടൻ അവളെ ഇനി ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കുകയല്ല വേണ്ടത്… കൂടെ നിന്ന് അവള്‍ക്ക് വേണ്ട കരുത്തും സ്നേഹവും ധൈര്യം പകര്‍ന്നു കൊടുക്കുകയുമാണ് വേണ്ടത്.” ദേവി ദൃഢമായി എന്റെ കണ്ണില്‍ നോക്കി തറപ്പിച്ച് പറഞ്ഞതു.
ശെരിക്കും എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. ജൂലിയുടെ വാശി എനിക്ക് അറിയാവുന്നതാണ്. വെറുതെ അവൾ വാശി പിടിക്കില്ല.. പക്ഷേ വാശി പിടിച്ചാല്‍ അവൾ പിന്മാറില്ല.
ദേവി പറഞ്ഞതാണ് ശെരി… ജൂലിയുടെ കൂടെ നിന്ന് അവള്‍ക്ക് വേണ്ട ധൈര്യവും തുണയും സ്നേഹവും കൊടുക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു.
ദേവിയെ നോക്കി ഞാൻ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. “ഞാൻ പോകുന്നു, ദേവി. എനിക്ക് ഇപ്പൊ തന്നെ ജൂലിയെ കാണണം.”
പോകാൻ തുടങ്ങിയ എന്നെ ദേവി വീണ്ടും പിടിച്ചു വച്ചു. എന്തോ അവൾ പറയാൻ തുടങ്ങിയതും വേണ്ടെന്ന് ഞാൻ തലയാട്ടി.