പിന്നെയുള്ള ദിവസങ്ങൾ പമ്പരം പോലെ നീങ്ങി. ഞാൻ വീട്ടില്‍ ഉള്ള സമയത്തൊക്കെ സാന്ദ്ര എന്റെ പിന്നാലെ കൂടി.. ഒരു കുഞ്ഞ് അനുജത്തിയുടെ കുസൃതിയുമായി. രാത്രി ഒഴികെ മറ്റുള്ള സമയത്ത് സാന്ദ്ര എന്റെയും ജൂലിയുടെ അടുത്തും തന്നെ ഉണ്ടായിരുന്നു. കളിയും ചിരിയുമായി ദിവസങ്ങൾ നീങ്ങി. ജൂലിക്കും അസുഖത്തിന്റെ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.
പിന്നേ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ചില രാത്രികളില്‍ ജൂലി തന്നെ എന്നെ നിര്‍ബന്ധിച്ച് ദേവിയുടെ അടുത്തേക്ക് പറഞ്ഞു വിടാനും തുടങ്ങിയിരുന്നു. ചില പകലുകളിലും ഞാൻ മാളിൽ നില്‍ക്കുന്ന സമയത്ത് ദേവി എന്നെ വീട്ടിലേക്ക് വിളിക്കുമായിരുന്നു. അവൾ സ്കൂളിൽ പോകുന്നത് കൊണ്ട് പകല്‍ സമയത്തുള്ള ഞങ്ങളുടെ കൂടിക്കാഴ്ച തീരെ കുറവായിരുന്നു.
കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട് ദിവസങ്ങൾ കൊഴിഞ്ഞു നീങ്ങി കൊണ്ടിരുന്നു. നാളെയാണ് സാന്ദ്രയ്ക്ക് ഓസ്ട്രേലിയ പോകാനുള്ള ദിവസമെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. വിനിലയും അങ്കിളും ആന്റിയും സുമി മോളും തലയേ ദിവസം രാവിലെ തന്നെ എത്തിയിരുന്നു. അവര്‍ക്ക് തൊട്ടു പുറകെ ഗോപനും നെല്‍സണും സുമയും കാര്‍ത്തികയും എത്തി.
അതോടെ അന്നു മുഴുവനും ഞങ്ങൾ എല്ലാവരും ബീച്ച് പാർക്ക് എന്നിവിടങ്ങളില്‍ ഒക്കെ ചുറ്റിക്കറങ്ങി. ഷോപ്പിങ് നടത്തി. സാന്ദ്ര എന്നോട് ആവശ്യപ്പെട്ടത് ഞാൻ വാങ്ങി കൊടുത്തു. കൂടാതെ അവള്‍ക്ക് വേണ്ടതെന്ന് എനിക്ക് തോന്നിയത് ഒക്കെയും ഞാൻ വാങ്ങി കൊടുത്തു. അവസാനം ഒരു സിനിമയും കണ്ടിട്ടാണ് ഞങ്ങൾ എല്ലാവരും രാത്രി വീട്ടില്‍ എത്തിയത്. അന്നു രാത്രി ഞങ്ങളാരും ഉറങ്ങിയില്ല… സത്യം പറഞ്ഞാല്‍ സാന്ദ്ര ആരെയും ഉറങ്ങാൻ സമ്മതിച്ചില്ല. ഹാളില്‍ നാല് ബെഡ്ഡിട്ട് എല്ലാവരും അതിലിരുന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
സുമയും കാര്‍ത്തികയും എപ്പോഴത്തേയും പോലെ എന്നോട് നല്ല രീതിയില്‍ തന്നെയാണ് സംസാരിച്ചത്. വിനിലയും നല്ല കൂളായി തന്നെ എന്നോട് സംസാരിച്ചു.
അങ്ങനെ വെളുപ്പിന് എല്ലാവരും കുളിച്ച് കാപ്പിയും കുടിച്ച ശേഷം എന്റെയും അങ്കിളിന്റെ കാറിലുമായി എയർപോർട്ടിലേക്ക് തിരിച്ചു.
വീട്ടില്‍ കളിച്ചു ചിരിച്ച് നിന്നിരുന്ന സാന്ദ്ര എയർപോർട്ടിൽ ഇറങ്ങിയതും അവളുടെ അമ്മയെ കെട്ടിപിടിച്ചു കൊണ്ട് കരയാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞ് അവളുടെ അമ്മയെ വിട്ടിട്ട് സാന്ദ്ര ജൂലിയെ കെട്ടിപിടിച്ചു.