അവർ രണ്ടുപേരും കരയുന്നണ്ടായിരുന്നു. അവർ രണ്ടുപേരും എന്തൊക്കെയോ അടക്കം പറഞ്ഞ ശേഷം സങ്കടത്തിൽ പിരിഞ്ഞു.
അവസാനം സാന്ദ്ര എന്റെ അടുത്തേക്ക് വന്നു. ഞാൻ അവളുടെ കൈ പിടിച്ച് ഷേക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ സാന്ദ്ര എന്റെ കൈ തട്ടിമാറ്റി. എന്നിട്ട് എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് ഏങ്ങലടിച്ചു.
അവളുടെ പുറത്ത് മെല്ലെ തട്ടിക്കൊടുത്ത് അവളെ ഞാൻ ആശ്വസിപ്പിച്ചു. കുറെ കഴിഞ്ഞ് അവളുടെ കരച്ചില്‍ അടങ്ങിയതും അവൾ എന്നെ വിട്ടുമാറി നിന്നിട്ട് ചിരിക്കാന്‍ ശ്രമിച്ചു. ശേഷം മറ്റുള്ളവരോട് ചെന്ന് ഷേക് ഹാന്‍ഡ് കൊടുത്ത് അവള്‍ യാത്ര പറഞ്ഞ ശേഷം വീണ്ടും എന്റെ അടുക്കലേക്ക് വന്നു.
“ചേച്ചിയുടെ കാര്യത്തിൽ ചേട്ടൻ അത്യധികം കരുതലോടെ ഇരിക്കണേ….” അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.
“തീര്‍ച്ചയായും…” ഞാൻ പറഞ്ഞു.
അവള്‍ അതോടെ അവളുടെ അമ്മയുടെ അടുത്തേക്ക് പോയി. അന്നേരം ദീപ്തിയും എയർപോർട്ടിൽ എത്തി. മൂന്ന് കാറിലായി അവളുടെ ചില ബന്ധുക്കളും വന്നിരുന്നു. അവളും അവരോട് യാത്ര പറച്ചിലും കരച്ചിലുമായി നടന്നു. ഒടുവില്‍ ദീപ്തി എന്റെ അടുത്തു വന്ന് എന്നോട് യാത്ര പറഞ്ഞു.
അവസാനം സാന്ദ്രയും ദീപ്തിയും ഒരിക്കല്‍ കൂടി ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞിട്ട് അവരവരുടെ ലഗേജ് ട്രോളിയും തള്ളിക്കൊണ്ടു പോയി.
അവർ പോയ ശേഷം കനത്ത മനസ്സുമായി ജൂലിയും അമ്മായിയും എയർപോർട്ടിനെ നോക്കി നിന്നു.
അങ്കിളും ആന്റിയും വന്ന് അവർ രണ്ടു പേരെയും ആശ്വസിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞു.
ഒടുവില്‍ എല്ലാവരും വണ്ടിയില്‍ കയറി വീട്ടിലെത്തി.
രാത്രി വരെ ഞങ്ങളുടെ വീട്ടില്‍ ചിലവഴിച്ച ശേഷമാണ് അങ്കിളും കുടുംബവും, പിന്നെ ഗോപനും നെല്‍സണും സുമയും കാര്‍ത്തികയും പോയത്.
എല്ലാവരും പോയതും അമ്മായി ശബ്ദമില്ലാതെ കരഞ്ഞു കൊണ്ട് റൂമിൽ കേറി വാതിൽ അടച്ചു. ജൂലി വിഷമത്തോടെ ആ അടഞ്ഞ വാതിലിൽ തന്നെ നോക്കി നിന്നു.
“സാന്ദ്ര അവിടെ എത്തിയ ശേഷം ഫോണിൽ വിളിക്കും. അതോടെ അമ്മായിയുടെ വിഷമം മാറും. നീയും ഇങ്ങനെ വിഷമിച്ച് നില്‍ക്കാതെ വന്നേ…” പറഞ്ഞിട്ട് ജൂലിയെ ഞാൻ റൂമിലേക്ക് നയിച്ചു.
ജൂലി ഒന്നും മിണ്ടാതെ മരുന്നും കഴിച്ചിട്ട് എന്റെ അടുത്തു വന്ന് കിടന്നു. എന്നെ കെട്ടിപിടിച്ചു കൊണ്ട് അവൾ വേഗം ഉറങ്ങുകയും ചെയ്തു.