“വെള്ളിയാഴ് ദിവസങ്ങളില്‍ കാര്യമായ ക്ലാസ് ഒന്നും നടക്കില്ല, ചേട്ടാ. അതുകൊണ്ട് തിങ്കളാഴ്‌ച മുതൽ പോകാമെന്ന് തീരുമാനിച്ചു…!”
“പോടി കള്ള മടിച്ചി… മടി പിടിച്ചു വെറുതെ ഓരോ കാരണങ്ങൾ പറഞ്ഞോളും.” ഞാൻ കളിയാക്കി ചിരിച്ചിട്ട് ജൂലി ഒരു പ്ലേറ്റിൽ വച്ചു തന്ന അപ്പവും മുട്ടക്കറിയും കിച്ചനിൽ ഇരുന്നു തന്നെ കഴിച്ചിട്ട് കൈയും കഴുകി ഇറങ്ങി.
സാധാരണയായി, വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞാലാണ് മറ്റുള്ള ദിവസങ്ങളേക്കാൾ തിരക്ക് കൂടുതലായിരിക്കുക. പക്ഷേ ഇന്ന് രാവിലെ മുതലേ മുടിഞ്ഞ തിരക്ക് തുടങ്ങിയിരുന്നു, അതും പതിവിലധികം തിരക്ക്. അതുകൊണ്ട് രണ്ടാമത്തെ ക്യാഷ് കൌണ്ടറും തുറന്ന് അതിൽ ഞാൻ ഇരുന്നു.
ഓരോ മണിക്കൂര്‍ കഴിയുന്തോറും തിരക്ക് കൂടുകയല്ലാതെ കുറഞ്ഞില്ല. അതുകൊണ്ട് സാധാരണയായി രണ്ടു മണി ഷിഫ്റ്റിന് വരുന്ന ആതിര ചേച്ചിയെ രാവിലെ തന്നെ വിളിച്ചു വരുത്തി. കൂടാതെ ഇതുപോലത്തെ തിരക്കുള്ള ദിവസങ്ങളില്‍ മാത്രം ദിവസ ശമ്പളത്തിന് അടുത്തുള്ള കടകളില്‍ ജോലി ചെയ്യുന്ന ചില സ്റ്റാഫ്സിനേയും വിളിച്ചു വരുത്താരുള്ളതാണ്. തിരക്കു കാരണം അവരെയും ജോലിക്ക് വിളിച്ചു വരുത്തി.
ഉച്ച കഴിഞ്ഞപ്പോള്‍ പിന്നെയും മാളിൽ തിരക്ക് കൂടുകയാണ് ചെയ്തത്. അതുകൊണ്ട് നാലു മണി കഴിഞ്ഞിട്ടും ഞാൻ മാളിൽ തന്നെ ജോലി തുടർന്നു.
സാധാരണയായി ഒന്‍പത് മണിക്ക് ക്ലോസ് ചെയ്യുന്ന മാൾ പത്തു മണി കഴിഞ്ഞാണ് പൂട്ടിയത്.
ഇറങ്ങാന്‍ നേരം ജൂലി കോൾ ചെയ്തു.
“ചേട്ടാ, മാൾ പൂട്ടിയോ? അവിടുന്ന് ഇറങ്ങിയോ..?” ഫോൺ എടുത്തതും ജൂലി ചോദിച്ചു.
“ആം, പൂട്ടി. ഇപ്പൊ പാർക്കിംഗിലാണ്, ഉടനെ തിരിക്കും. അമ്മായി സ്കൂളിൽ എത്തിക്കഴിഞ്ഞോ..?”
“ഇല്ല ചേട്ടാ. പക്ഷേ പതിനൊന്ന് മണിക്ക് മമ്മി സ്കൂളിൽ എത്തിച്ചേരുമെന്ന് ഇപ്പൊ വിളിച്ചു പറഞ്ഞു..”
“ഊം ശെരി. ഞാൻ പെട്ടന്ന് വരാം. ശേഷം അമ്മായിയേ കൂട്ടിക്കൊണ്ടു വരാം.” പറഞ്ഞിട്ട് ഞാൻ വച്ചു. എന്നിട്ട് വേഗം വീട്ടിലേക്ക് യാത്രയായി.
വീട്ടില്‍ എത്തിയപ്പോ ജൂലിയും സാന്ദ്രയും പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ജൂലിയുടെ കൈയിൽ കാര്‍ കീ ഉള്ളത് കണ്ട് ഞാൻ കൈ നീട്ടി. പക്ഷേ അവള്‍ തന്നില്ല.
“ഫ്രെഷ് ആവുന്നില്ലേ..?” ജൂലി ചോദിച്ചു.