കഴിച്ച ശേഷം ഞങ്ങൾ എല്ലാവരും പൂമുഖത്ത് ചെന്നിരുന്നു.
“ഇന്നലെ ഞാൻ നിന്റെ ഇളയമ്മയെ ചെന്ന് കണ്ടിരുന്നു, സാം…” പെട്ടന്ന് അമ്മായി ശാന്തമായി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി നിവര്‍ന്ന് അവരെ തുറിച്ചു നോക്കി.
വല്ലാത്ത ദേഷ്യവും സങ്കടവും എന്റെ ഉള്ളില്‍ നിറഞ്ഞു.
“എന്തിനാ അവിടെ പോയത്…?” ദേഷ്യത്തില്‍ ഞാൻ ചോദിച്ചു. എന്നിട്ട് ജൂലിയുടെ മുഖത്ത് നോക്കി.
ജൂലി പെട്ടന്ന് അസ്വസ്ഥയായി മുഖം താഴ്ത്തിയിരുന്നതും ഞാൻ സാന്ദ്രയെ നോക്കി. അവളും തല താഴ്ത്തി.
“കുടുംബത്തിൽ പ്രശ്നങ്ങൾ പലതും ഉണ്ടാവും. പക്ഷേ ജീവിത അവസാനം വരെ പിരിഞ്ഞിരിക്കണം എന്നില്ല. ആരെങ്കിലും മുന്‍കയ്യെടുക്കാതെ നിന്റെയും അവരുടെയും ഇടയില്‍ നിലനില്‍ക്കുന്ന പ്രശ്നം മാറുമെന്ന് തോന്നിയില്ല. അതുകൊണ്ടാണ് ഞാൻ മുന്‍കൈ എടുത്തത്…”
“ഓഹോ…” ഞാൻ ദേഷ്യത്തില്‍ ചീറി. “ഒടുവില്‍ മുന്‍കയ്യെടുത്തിട്ട് എന്തു സംഭവിച്ചു…?”
“വർഷങ്ങളായുള്ള പൊരുത്തക്കേട് ഒറ്റ ദിവസത്തില്‍ തീരില്ല, മോനേ.” അമ്മായി ശാന്തമായി തന്നെ പറഞ്ഞു. “ഞാൻ ചെന്ന സമയം നിന്റെ അച്ഛനും ഇളയമ്മയും നിന്റെ മൂന്ന് സഹോദരങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു. നി വെറും കുഞ്ഞായിരുന്ന സമയത്ത് നിന്റെ ഇളയമ്മ നിന്നോട് കാണിച്ച അനീതി ആ കുട്ടികളോട് ഞാൻ വിസ്തരിച്ചു തന്നെ പറഞ്ഞു. അവർ എന്നെ സംസാരിക്കാന്‍ അനുവദിക്കില്ല എന്നാണ് കരുതിയത്. പക്ഷേ ഒരൊറ്റ അക്ഷരം മിണ്ടാതെ കുറ്റബോധത്തോടെ അവർ പൊട്ടിക്കരയുക മാത്രമാണ് ചെയ്തത്. അതിനുശേഷം, പണ്ടേ നിന്റെ അച്ഛൻ നിന്റെയും നിന്റെ ഇളയമ്മയുടെയും കാര്യത്തിൽ പരിഹാരം കാണാതെ നോക്കുകുത്തിയായി ജീവിച്ചതിനെ കുറിച്ചും എനിക്ക് ചിലത് പറയേണ്ടി വന്നു. സത്യത്തിൽ അദ്ദേഹം മുഖം പൊത്തിയിരുന്ന് വിങ്ങിപ്പൊട്ടിയത് കണ്ടപ്പോ അതിരു വിട്ടു എന്ന് മനസ്സിലായി.. പക്ഷേ പറയേണ്ടത് അത്യാവശ്യം ആയിരുന്നത് കൊണ്ട് എനിക്ക് കുറ്റബോധം ഒന്നും തോന്നിയില്ല. അവസാനം ആ കുട്ടികളോടും കര്‍ക്കശമായി തന്നെ കാര്യങ്ങൾ ഞാൻ ചോദിക്കുകയും പറയുകയും ചെയ്തു. അവർ നിസ്സഹായരായി അവരുടെ അച്ഛനേം അമ്മയെയും നോക്കി കണ്ണു നിറച്ചത് കണ്ടപ്പോ താമസിയാതെ എല്ലാ പ്രശ്‌നങ്ങളും താനെ കലങ്ങി തെളിയുമെന്ന് മനസിലായി.”
കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞിട്ട് അമ്മായി അഭിമാനത്തോടെ ഞങ്ങൾ ഓരോരുത്തരെയായി നോക്കി പുഞ്ചിരിച്ചു.