എന്താണ് പറയേണ്ടതെന്ന് അറിയാതെ ആദ്യം ഞാൻ അന്തിച്ചിരുന്നു. അതിനുശേഷം അമ്മായിയെ ഞാൻ ഗൗരവത്തിൽ നോക്കി.
“പക്ഷേ ഇളയമ്മയുടെ മകളായ നിവിത എന്നോട് പണ്ടൊക്കെ സ്നേഹം മാത്രമേ കാണിച്ചിട്ടുള്ളു. ഇളയമ്മ അറിയാതെ അവള്‍ എന്റെ കൂടെ കൂടുമായിരുന്നു. അവളെ അമ്മായി ഒന്നും പറയരുതായിരുന്നു.” ഞാൻ കുറ്റപ്പെടുത്തി.
“മോന്‍ പറഞ്ഞത് ശെരിയാണ്, അവളെ കുറ്റം പറയാൻ പാടില്ലായിരുന്നു. പക്ഷേ പണ്ട് സ്നേഹം കാണിച്ചിരുന്ന ആ കുട്ടിക്ക് രഹസ്യമായിട്ടെങ്കിലും ഇവിടെ വന്ന് നിന്നെ കാണാമായിരുന്നു… അവളുടെ അമ്മ അറിയാതെ നിനക്ക് ഫോൺ ചെയ്ത് സംസാരിക്കാന്‍ കഴിയുമായിരുന്നു… പക്ഷേ അതൊന്നും ആ കുട്ടി ചെയ്തില്ല. നീയും ജൂലിയും അവരുടെ വീട്ടില്‍ പോയപ്പോഴൊക്കെ പണ്ട് സ്നേഹം കാണിച്ചിരുന്ന ആ കുട്ടി ജൂലിയെ സ്വീകരിച്ച് റൂമിൽ കൂട്ടിക്കൊണ്ടു പോയി സംസാരിച്ചു. പക്ഷേ നിന്നെ നോക്കി ചിരിക്കുക പോലും ചെയ്തില്ല…”
അമ്മായി അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞു. അതിന് മറുപടിയായി എനിക്ക് പറയാൻ ഒന്നും ഇല്ലായിരുന്നു.
“ഇനി, എനിക്ക് മോനോട് പറയാനുള്ളത്…” അമ്മായി എന്നെ തറപ്പിച്ചു നോക്കി. “ആരും നൂറു ശതമാനം നല്ലവരല്ല. എല്ലാവരും ഏതെങ്കിലും തരത്തിൽ തെറ്റുകൾ ചെയ്തിട്ടുള്ളവരാണ്.” അമ്മായി എന്നെ അല്‍പ്പം കടുപ്പിച്ച് നോക്കി.
അര്‍ത്ഥവത്തായ അമ്മായിയുടെ നോട്ടം കണ്ടിട്ട് അമ്മായി എന്താണ് ഉദ്ദേശിച്ചതെന്ന് ഞാൻ ഊഹിച്ചു. സാന്ദ്രയുടെ കൂടെയുള്ള എന്റെ ചുറ്റിക്കളി… ചിലപ്പോ മറ്റ് സ്ത്രീകളോടുള്ള ബന്ധത്തെ കുറിച്ച് ജൂലി അമ്മായിയോട് പറഞ്ഞിട്ടുണ്ടാവാനും സാധ്യതയുണ്ട്.
“തെറ്റുകൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ക്ഷമിക്കണം എന്നാണ് എനിക്ക് മോനോട് പറയാനുള്ളത്. നിന്റെ ഇളയമ്മയും നിന്റെ അച്ഛനും നിന്റെ സഹോദരങ്ങളും നിന്നെ അന്വേഷിച്ചു വന്നാല്‍ അവരില്‍ ആരെയും നി തഴയരുത്.. അവരില്‍ ആരെയും നി കുറ്റപ്പെടുത്തരുത്… അവരെ ആരെയും നി അപമാനിക്കരുത്… കഴിഞ്ഞു പോയ കാര്യങ്ങളെ ചൊല്ലി പുതിയ പ്രശ്നങ്ങളൊന്നും ആരംഭിക്കരുത്. എല്ലാവരോടും നീ വേണം ക്ഷമിക്കാൻ.” അമ്മായി തീര്‍ത്തു പറഞ്ഞു.
ഞാൻ ചൂടായിട്ട് എന്തോ പറയാനായി വായ് തുറന്നതും ജൂലിയുടെ കൈ എന്റെ തോളില്‍ അമർന്നു.
ഞാൻ ദേഷ്യത്തില്‍ ആ കൈയിൽ നോക്കി.. എന്നിട്ട് തല ഉയർത്തി അവളുടെ മുഖത്തേക്കും.