അവള്‍ എപ്പോഴാണ് എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നതെന്ന് പോലും ഞാൻ അറിഞ്ഞിരുന്നില്ല.
“പ്ലീസ് ചേട്ടാ… നമുക്ക് ആരോടും പകയും വൈരാഗ്യവും വേണ്ട. ഇളയമ്മ അറിയാതെ അങ്ങനെയൊക്കെ കാണിച്ചു എന്ന് കരുതിയാല്‍ മതി. ഞാന്‍ ആരെയും ന്യായീകരിക്കുന്നില്ല… ചെറുപ്പം തൊട്ട് ചേട്ടൻ അനുഭവിച്ച വിഷമം എനിക്ക് മനസ്സിലാക്കാൻ കഴിയും… പക്ഷേ കഴിഞ്ഞത് നമുക്ക് മറക്കാം, ചേട്ടാ. വരാനുള്ളത് മാത്രം നമുക്ക് ചിന്തിക്കാം. അവര്‍ക്ക് ചേട്ടനെ സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും ചേട്ടൻ അവരോട് പൊറുക്കണം… പ്ലീസ് ചേട്ടാ, എനിക്കുവേണ്ടി എങ്കിലും ചേട്ടൻ അവരോട് പൊറുക്കണം. അവർ വന്നാൽ അവരെ സ്വീകരിക്കണം…” ജൂലി കേണു.
ജൂലി പറഞ്ഞത് കേട്ട് എന്റെ മനസ്സിന് ചെറിയൊരു അയവു വന്നു. പക്ഷേ അപ്പോഴും ഒരു തീരുമാനത്തില്‍ എത്താന്‍ എനിക്ക് കഴിഞ്ഞില്ല.
“സാമേട്ടനെ ഉപദേശിക്കാൻ മാത്രം ഞാൻ ആളല്ല. പക്ഷെ മമ്മിയും ചേച്ചിയും പറയുന്നതാണ് ന്യായം.” സാന്ദ്ര എന്നെ അഭ്യര്‍ത്ഥനയോടെ നോക്കി.
അപ്പോൾ എന്റെ മനസ്സ് അല്‍പ്പം കൂടി അയഞ്ഞു. ഞാൻ അവർ മൂന്നു പേരെയും മാറിമാറി നോക്കി.
“ശെരിയാണ്, എന്റെ ഭാഗത്ത് നിന്നും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാൻ ആരെയും ഒതുക്കി നിർത്തില്ല, പോരേ.”
ഞാൻ പറഞ്ഞത് കേട്ട് അവർ മൂന്നുപേരുടെ മുഖത്തും ആശ്വാസം നിറഞ്ഞു. ഞാൻ എഴുനേറ്റ് നേരെ റൂമിലേക്ക് വന്നു.
കുറച്ചു നേരത്തേക്ക് ഒറ്റയ്ക്കിരിക്കാൻ ഞാൻ ആഗ്രഹിച്ചത് ജൂലി മനസ്സിലാക്കിയിട്ടുണ്ടാവണം, അവള്‍ റൂമിലേക്ക് വന്നില്ല. ബെഡ്ഡിൽ കേറി കിടന്ന് ഞാൻ ആലോചനയിലാണ്ടു. അവസാനം എന്റെ കണ്ണുകൾ അടഞ്ഞു ഞാൻ മയങ്ങിപ്പോയി.
“അങ്കിൾ…!!” ഉറക്കെയുള്ള വിളിയും.. എന്റെ മുകളില്‍ വീണ ചെറിയ ഭാരവും കാരണം ഞാൻ ഞെട്ടി ഉണര്‍ന്നു.
“അങ്കിള്‍…” എന്റെ വയറിനു മുകളില്‍ ഇരുന്ന് എന്നെ തന്നെ സന്തോഷത്തോടെ നോക്കുന്ന സുമി മോളെ കണ്ടതും എന്റെ ഉറക്കം മുഴുവനും അലിഞ്ഞു പോയി.
“എഡി കാന്താരി…” സന്തോഷത്തോടെ വിളിച്ചു ഞാൻ അവളെ വാരിയെടുത്ത് കൊണ്ട് മലര്‍ന്നുകിടന്നു.
സുമി സന്തോഷത്തോടെ കൂവിച്ചിരിച്ചു.
അങ്ങനെ അവളോട് സംസാരിച്ചും അവളുടെ കൊഞ്ചിയുള്ള സംസാരവും കേട്ടുകൊണ്ടിരുന്നപ്പോൾ വിനില റൂമിൽ കേറി വന്നു.