അപ്പോഴാണ് ഞാനും അക്കാര്യം ഓര്‍ത്തത്. അവളുടെ ടെൻഷൻ എന്തിനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. അവള്‍ കൻസീവാണോ അല്ലയോ എന്ന് രണ്ടുദിവസത്തിൽ അറിയാൻ കഴിയും.
“നാളെ നമുക്ക് പ്രെഗ്നന്സി കാര്‍ഡ് വാങ്ങി ടെസ്റ്റ് ചെയ്താലോ…?” വെപ്രാളത്തോടെ ചാടി എഴുനേറ്റ് ഞാൻ ചോദിച്ചു.
“വേണ്ട ചേട്ടാ… എനിക്ക് പേടിയാ…?”
“ഇതില്‍ പേടിക്കാൻ എന്താ ഉള്ളത്..?” അവളുടെ അടുത്തിരുന്ന് ഞാൻ അക്ഷമയോടെ ചോദിച്ചു.
“ടെസ്റ്റ് ചെയ്യാനല്ല പേടി… ടെസ്റ്റ് റിസൽറ്റ് നെഗറ്റീവ് ആണെങ്കിൽ ഞാൻ… ഞാൻ… തകർന്നു പോകും. ഇപ്പോഴേ എന്റെ ഹൃദയം പൊട്ടും പോലെ തോന്നുന്നു… കഴിഞ്ഞ മാസം നമ്മൾ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് കണ്ട് ഞാൻ ശെരിക്കും തകർന്നു പോയതാണ്.” പെട്ടന്ന് ജൂലി കരയാന്‍ തുടങ്ങി.
എന്റെ ഹൃദയത്തിലും ഭാരം കൂടി. എനിക്കും സങ്കടം വന്നു. അത് അകത്തു കിടന്ന് നീറി പുകഞ്ഞു. പക്ഷേ ഞാൻ പുറത്ത് കാണിച്ചില്ല.
“യേയ്.. എഡി മോളെ… ഇങ്ങനെ തൊട്ടാവാടി ആവല്ലേ…” അവളെ ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു.
ജൂലി മെല്ലെ എഴുനേറ്റ് എന്റെ മടിയില്‍ ഇരുന്ന് എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു. ഒന്നും സംസാരിക്കാന്‍ കഴിയാതെ ഞാൻ അവളെയും ചേര്‍ത്തു പിടിച്ചു കൊണ്ട് വെറുതെ ഇരുന്നു.
അവസാനം കരഞ്ഞു തളര്‍ന്ന് അവള്‍ എന്റെ മടിയില്‍ ഇരുന്നു തന്നെ ഉറങ്ങി. ഞാൻ അവളെ പതിയെ ബെഡ്ഡിൽ കിടത്തിയ ശേഷം അടുത്ത് കിടന്ന് അവളെ ചേര്‍ത്തു പിടിച്ചു.
അടുത്ത ദിവസം വൈകിട്ട് ഞാൻ പ്രെഗ്നന്സി ടെസ്റ്റ് കാര്‍ഡ് വാങ്ങിക്കൊണ്ടു വന്നെങ്കിലും അവള്‍ ടെസ്റ്റ് ചെയ്യാൻ തയ്യാറായില്ല. ഞാൻ ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ എല്ലാം ജൂലി കരയാന്‍ തുടങ്ങി. അതുകൊണ്ട് ഞാൻ നിര്‍ബന്ധിക്കാൻ പോയില്ല.
അന്നു രാത്രി മുഴുവനും ജൂലി ഉറങ്ങിയില്ല. അവള്‍ അസ്വസ്ഥയായി റൂമിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഞാൻ എത്ര ശ്രമിച്ചിട്ടും അവള്‍ കിടക്കാന്‍ തയ്യാറായില്ല. അവസാനം നേരം എങ്ങനെയോ പുലർന്നു.
ഞാൻ അന്ന് സാന്ദ്രയെ വിട്ടിട്ട് വീട്ടില്‍ തിരികെ വന്നു. അമ്മായി പതിവ് പോലെ സ്കൂളിൽ പോയി. ജൂലി ഭക്ഷണം ഒന്നും കഴിക്കാതെ വിരണ്ടു നടന്നു. ഞാൻ സത്യത്തിൽ മനസ്സിൽ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. വെപ്രാളം പിടിച്ചു ഞാൻ ഇറങ്ങി എങ്ങോട്ടെങ്കിലും ഓടാത്തത് തന്നെ ഭാഗ്യം.