മാളിൽ ജോലി ചെയ്യുന്ന സകല സ്റ്റാഫ്സിനെയും ഞാൻ ക്ഷണിച്ച് അവര്‍ക്ക് വരാനുള്ള വണ്ടിയും റെഡിയാക്കി.
ഞങ്ങളുടെ അയല്‍ക്കാരെയും അമ്മായി ചെന്ന് ക്ഷണിച്ചിരുന്നു.
ഇവരെ കൂടാതെ എന്റെ അച്ഛനും ഇളയമ്മയും അവരുടെ മക്കളെയും ഞാൻ ചെന്ന് നേരിട്ട് വിളിച്ചായിരുന്നു. അച്ഛൻ ഒഴികെ ആരും വരില്ല എന്നാണ് കരുതിയത്.. പക്ഷേ എല്ലാവരും വന്നത് കണ്ടിട്ട് എന്റെ പഴയ വേദനകള്‍ ഒക്കെ ഞാൻ മറന്നു. നിവിത എന്നെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു. അവളും വിടര്‍ന്ന കണ്ണുകൾ കാട്ടി ചിരിച്ചു.
ഞാൻ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ച് സ്വീകരിച്ചു. അകത്തേക്ക് വന്ന ഇളയമ്മ കുറെ നേരത്തേക്ക് എന്നെ തന്നെ നോക്കി നിന്നു. എന്നിട്ട് നിറഞ്ഞ കണ്ണുകളോടെ അവർ പുഞ്ചിരിച്ചു.
ആദ്യമായി അവരുടെ യാഥാര്‍ത്ഥ പുഞ്ചിരി എനിക്ക് സമ്മാനിച്ചത് കണ്ടു എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ഉടനെ ഇളയമ്മ അടുത്തേക്ക് വന്ന് എന്റെ കണ്ണുകള്‍ തുടച്ചു തന്നു.
“എന്റെ അറിവില്ലായ്മ പൊറുക്കണേ, മോനേ..!!” പെട്ടന്ന് ഇളയമ്മ അത്രയും ആളുകളുടെ മുന്നില്‍ വച്ച് കരഞ്ഞ് അപേക്ഷിച്ചു.
ഒരു നിമിഷം ഞാൻ അന്ധാളിച്ചു നിന്നു. എന്നിട്ട് അവരുടെ രണ്ടു കൈയും ഞാൻ കൂട്ടുപിടിച്ചു.
“ഇപ്പൊ ആഘോഷിക്കാനുള്ള സമയമാണ്, ഇളയമ്മേ. പഴയത് മറന്ന് നമുക്ക് ആഘോഷിക്കാം. പുതിയ മനുഷ്യരായി നമുക്ക് ജീവിക്കാം.” സന്തോഷത്തോടെ ഞാൻ പറഞ്ഞു.
അന്നേരം എന്റെ അമ്മായി വന്ന് അവരെ കൂട്ടിക്കൊണ്ടു പോയി.
എന്റെ അച്ഛൻ വന്ന് സന്തോഷത്തോടെ എന്റെ തോളില്‍ പിടിച്ചു. പക്ഷേ ഞങ്ങൾ രണ്ടുപേര്‍ക്കും എന്തു പറയണം എന്നറിയാതെ നോക്കി നിന്നു. ഒടുവില്‍ അങ്കിള്‍ വന്ന് അച്ഛനോട് കുശലം ചോദിച്ച ശേഷം കൂടെ കൊണ്ടുപോയി മാറി നിന്ന് സംസാരിച്ചു.
അതിനുശേഷം എന്റെ നോട്ടം എന്റെ മൂന്ന് സഹോദരങ്ങളുടെ മേല്‍ വീണു. അതിൽ എനിക്ക് നല്ലോണം അറിയാവുന്നത് ഇളയമ്മയുടെയും അവരുടെ മരിച്ചു പോയ ഭർത്താവിന്റെയും മകളായ നിവിത യായിരുന്നു. എന്നെക്കാളും ആറ് വയസ്സിന് ഇളയത്. അവള്‍ മാത്രമാണ് പണ്ട് ഇളയമ്മ അറിയാതെ എന്നോട് സംസാരിക്കാനും കൂട്ട് കൂടിയുമിരുന്നത്. അവള്‍ക്ക് പതിനൊന്ന് വയസ്സുള്ളപ്പോൾ അവളെ ഹോസ്റ്റലില്‍ നിർത്തി പഠിപ്പിക്കാന്‍ തുടങ്ങിയതോടെ ഞങ്ങൾ തമ്മിലുള്ള ബന്ധം നിലച്ചു. അതിനുശേഷം ലീവിന് അവള്‍ വീട്ടില്‍ വന്നാലും ഇളയമ്മ അവളുടെ മേല്‍ എപ്പോഴും നോട്ടം ഇട്ടിരുന്നത് കൊണ്ട് അവള്‍ക്ക് എന്നോട് അടുക്കാന്‍ കഴിഞ്ഞിരുന്നില്ല.