പെട്ടെന്ന് ബിജു അവളെ താങ്ങി പിടിച്ചു… തന്റെ മടിയിൽ അവളുടെ തലവച്ചു മുറുകെ പിടിച്ചു. Icu വിന്റെ മുന്നിൽ കാവലിരിക്കുന്ന വേറെ ആരോ കുപ്പിയിലെ തണുത്ത വെള്ളം പ്രിയയുടെ മുഖത്ത് കുടഞ്ഞു.
വലിയ ബഹളമൊന്നുമില്ലാതെ അവളെ താങ്ങിയെടുത്തു ബിജു റൂമിലേക്ക് കൊണ്ടുപോയി.
ബിജു തന്നെ സുരേഷിന്റെ വീട്ടിലും, അറിയാവുന്ന ബന്ധുക്കളെയും, പിന്നെ പ്രിയയോട് ചോദിച്ച് അറിഞ്ഞ് ഫോൺ ചെയ്ത് വിവരമറിയിച്ചു.
പ്രിയയുടെ നില അവശതയോടെ തുടർന്നു.
രാത്രി 11 മണിയോട് കൂടി സുരേഷിന്റെ ബോഡി വഹിച്ചുള്ള ആംബുലൻസ് അവരുടെ സ്വഗൃഹത്തിന്റെ മുറ്റത്ത് വന്നു നിന്നു. വിവരമറിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയ ബന്ധുക്കളും, വീട്ടിൽ എത്തിയ ബന്ധുക്കളും, കാര്യങ്ങളുടെ കടിഞ്ഞാൺ ഏറ്റെടുത്തതോടെ ബിജു എല്ലാം കൊണ്ടും ന്യുട്രൽ ആയി.
ഒരു സുഹൃത്ത്, അഥവാ ബന്ധു എന്ന നിലയ്ക്ക് താൻ ചെയ്യേണ്ട കടമയും, ഉത്തരവാദിതവും താൻ നിറവേറ്റിയതിന്റെ ചാരിഥാർഥ്യം അവനിൽ കണ്ടു.
കാനഡയിലുള്ള ഒരു സഹോദരി വിവരമറിഞ്ഞപ്പോൾ തന്നെ തനിക്ക് പെട്ടെന്ന് വരാനുള്ള ബുദ്ധിമുട്ട് അറിയിച്ചു.
ചടങ്ങിൽ പങ്കു കൊള്ളാൻ, ബിജുവിന്റെ ഭാഗത്തു നിന്ന് സിനിയും, പ്രിയയുടെ ഭാഗത്ത് നിന്ന് അവളുടെ ജേഷ്ടൻ അഭിയും പങ്കെടുത്തു.
പിറ്റേന്ന് കാലത്ത് മരണനന്തര ചടങ്ങുകൾക്ക് തുടക്കമിട്ട് പറമ്പിൽ തെക്കു ഭാഗത്ത് ചിതയൊരുക്കി.
പ്രിയയുടെ ദുഃഖം തന്റെയും ദുഃഖമാണെന്ന് ബിജു മനസ്സാ വഹിച്ചു. എല്ലാം ചടങ്ങുകളും പൂർത്തിയായത്തോടെ ഓരോരുത്തരായി അവിടെനിന്നു വിടപറഞ്ഞിറങ്ങി.
ബിജുവും, സിനിയും ഉച്ചയോടെ വീട്ടിലേക്ക് തിരിച്ചുവെങ്കിലും മനസ്സിലാമനസ്സോടെ, മൂകമായി ബിജു പ്രിയയോട് വിട പറഞ്ഞു..
അഭിക്ക് അവിടെ നിന്നും ഒഴിഞ്ഞു മാറാൻ പറ്റാത്തത് കൊണ്ട് ഒരു ദിവസത്തേക്ക് അവിടെ താമസിച്ചു..
പ്രിയയുടെ അഭാവത്തിൽ അമ്മയുടെ കാര്യങ്ങൾ എല്ലാം ബിജുവിന്റെ മേൽനോട്ടത്തിലായിരുന്നു. വീട്ടിലെ വെപ്പും തീനും കുടിയുമൊക്കെ അവിടെയുള്ള രണ്ട് വയസ്സത്തിമാരുടെ ഇഷ്ടത്തിന് തന്നെ.
നാളുകൾ കടന്ന് പോയി, ഓരോ നാൾ കഴിയും തോറും പ്രിയക്ക് ആ വീട്ടിലെ അന്തരീക്ഷത്തോട് നേരിയ മടുപ്പ് തോന്നി തുടങ്ങി. കാര്യം ഭർത്താവാണ് മരിച്ചതെങ്കിലും താൻ ആ വീട്ടിൽ ഇപ്പോഴും ഒറ്റപ്പെട്ടവളും, അധികപ്പറ്റുമാണ് എന്ന അവസ്ഥയിൽ തന്നെയാണ്.