അമ്മയുടെ രണ്ടു കിഡ്നികളിൽ ഒന്ന് പ്രവർത്തന ക്ഷമമാണെന്ന്… എന്ന് വച്ചാൽ പണിമുടക്കിയ കിഡ്നികളിൽ ഒന്ന് ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ടെന്ന്…
രണ്ടാമത്തേതിനും അതിന്റെ ഒരു ചെറിയ ലക്ഷണം കാണുന്നുണ്ട് എന്നാണ് പറഞ്ഞത്.
പ്രിയ : ഓഹ്… എന്റെ പറശ്ശിനുകടവ് മുത്തപ്പാ നിന്റെ കൃപ. അവൾ എല്ലാം മറന്ന് തുള്ളിചാടി… പരിസരം മറന്ന് ബിജുവിനെ കെട്ടിപിടിച്ചു. ഒക്കെ അമ്മയെയും കെട്ടിപിടിച്ച് ഒരു മുത്തം കൊടുത്തു.
അമ്മ പതുക്കെ ജീവിതത്തിലോട്ട് തിരിച്ചു വരുകയാണെന്ന യാഥാർഥ്യം പ്രിയയുടെ ഇപ്പോഴത്തെ ദുഃഖത്തെ ഒരു പരിധി വരെ ശമിപ്പിച്ചു.
അന്ന് അത്താഴം കഴിഞ്ഞ ശേഷം ബിജുവിനോടൊപ്പം പ്രിയ ആ വരാന്തയുടെ മൂലയിൽ സ്ഥാനം പിടിച്ചു. ആ ഇരുട്ടിൽ ബിജുവിന്റെ മടിയിൽ തല വച്ചു കിടന്ന് കൊണ്ട് അവരുടെ സ്വകാര്യ സ്വപ്നങ്ങൾ കൈമാറി.
പിന്നീടുള്ള പ്രിയയുടെ ഓരോ ദിനങ്ങളും പൂർവാധികം സന്തോഷപ്രദമായിരുന്നു.
അന്ന് കാലത്ത് ജോലിക്ക് പോകുന്നതിനു മുൻപ് സുരേഷ് പറഞ്ഞത് പ്രകാരം, ആ ലാപ് ടോപ് ബാഗുമായി ബിജു പ്രിയയുടെ അടുത്ത് വന്നു.
പ്രിയ… ഇത് നിന്റെ സുരേഷേട്ടൻ നിനക്ക് തരാൻ വേണ്ടി എന്റെ കൈയ്യിൽ ഏൽപ്പിച്ച ബാഗാണ്.
പ്രിയ : ഇതെന്താണ് ഏട്ടാ…
ഞാൻ : ഇത് നിന്റെ കൈയ്യിൽ ഏൽപ്പിക്കുക എന്നത് മാത്രമാണ് എന്റെ ജോലി… വിശദാംശങ്ങൾ ഒന്നും എന്നോട് ചോദിക്കരുത് എനിക്കറിയില്ല. നീ തന്നെ തുറന്ന് നോക്കു… എനിക്ക് പോയിട്ട് ധൃതിയുണ്ട്… വൈകീട്ട് കാണാം.
ബിജു പോയ ശേഷം പ്രിയ ആ ബാഗ് തുറന്ന് നോക്കി.
ഒരു വലിയ ബ്രൗൺ പേപ്പർ സീൽഡ് കവറും, മറ്റെന്തൊക്കെയോ കടലാസുകളും ആയിരുന്നു അതിന്റെ ഉള്ളടക്കം.
ഒരു ചെറിയ കവറിനകത്ത് ബാങ്ക് ലോക്കറിന്റെ ചാവിയും, വെള്ള എൻവലപ്പിൽ ഒരു കത്തും ആയിരുന്നു പ്രിയക്ക് കിട്ടിയത്.
അമ്മയുടെ കട്ടിലിൽ തൊട്ടടുത്ത് ഇരുന്നു കൊണ്ട് പ്രിയ, ആ വെള്ള കവർ പൊട്ടിച്ച് ആ എഴുത്തു വായിച്ചു.
എന്റെ എത്രയും സ്നേഹം നിറഞ്ഞ പ്രിയക്ക്….
സത്യം പറഞ്ഞാൽ ഞാൻ ഒരു വലിയ പാപിയാണ്. ഞാൻ നിന്നോട് ചെയ്തത് ഒരു പെണ്ണും പൊറുക്കാത്ത തെറ്റുകളാണ്.