”ദേ മനുഷ്യാ അവനെയും കൊണ്ടിന്നല്ലേ നിങ്ങള് കോളേജിൽ പോകാമെന്നു പറഞ്ഞത്…“
അമ്മയച്ഛന്റെ വയറിനു സ്പൂൺകൊണ്ട് തട്ടിക്കൊണ്ടു ചോദിച്ചു
”എടി അതിനു കോളേജ് തുറക്കാനുള്ള സമയം കൊടുക്കണ്ടേ….നീ നിക്ക് ഞാനൊന്ന് ഡ്രസ്സ് മാറി വരാം…“”
അതും പറഞ്ഞച്ഛൻ മുറിയിലേക്ക് പോയി….
“ന്നാടാ ദോശ കഴിച്ചോ…”
അമ്മയൊരു പ്ലേറ്റിൽ മൂന്ന് ദോശയും തേങ്ങാ ചട്ടിണിയും ഒഴിച്ചു തന്നു…പിന്നെയൊരു പത്തു മിനിറ്റ് ഞാനതുമായി യുദ്ധമായിരുന്നു…അപ്പോളേക്കും അച്ഛനുമെത്തി….
“നിനങ്ങളെങ്ങോട്ട മനുഷ്യാ കല്യാണം കൂടാൻ പോവണോ..?
വെള്ള കസവു മുണ്ടും സിൽക്ക് നീല ഷർട്ടുമണിഞ്ഞു വന്നയച്ചനെ നോക്കി അമ്മ ചോദിച്ചു
”എടി അതീ കോളേജിലേക്ക് ഒക്കെ പോകുവല്ലേ…അപ്പൊ കൊറച്ചു മെനയായിക്കോട്ടെ എന്ന് കരുതി…“
കയ്യിലേക്ക് ഒരു ഗോൾഡ് ചെയിൻ കെട്ടികൊണ്ട് അച്ഛൻ പറഞ്ഞു…ഞാനാണേൽ ഇവരുടെയീ സംസാരമൊക്കെ കണ്ടു ചിരിച്ചുകൊണ്ടിരുക്കുകയാണ്…..
”ഉവ്വുവ്വേ….മകനും കൊള്ളാം തന്തയും കൊള്ളാം…സമയം കളയാതെ പോയി വരാൻ നോക്ക്….“
അതും പറഞ്ഞമ്മ ഞങ്ങക്കൊപ്പം മുൻവശത്തേക്ക് വന്നു….
ഞാനച്ഛന്റെ കയ്യിൽ നിന്നും കാറിന്റെ കീയും വാങ്ങി പോർച്ചിലേക്ക് നടന്നു….ഞാനാണല്ലോ ഈ വീട്ടിലെ ശമ്പളമില്ലാത്ത ഡ്രൈവർ….വീട്ടിൽ കാറുള്ള ഭൂരിഭാഗം വീടുകളിലെയും അവസ്ഥ ഇതായിരിക്കും…ഒറ്റ മോനാണേൽ പറയുകയും വേണ്ട….
പോർച്ചിൽ നിന്നുമച്ചന്റെ കറുത്ത എൻഡേവറുമെടുത്തു ഞാൻ പുറത്തേക്ക് ഇറങ്ങി…അമ്മയോട് യാത്രയും പറഞ്ഞച്ഛൻ വന്നു മുൻപിൽ കയറി…..പിന്നൊട്ടും വൈകാതെ ഞാൻ കാറുമെടുത്തു കോളേജ് ലക്ഷ്യമാക്കി ഓടിച്ചു…………………..
———-/———//——–/—————
“ചേട്ടാ വാഗീസ് അച്ഛന്റെ ഓഫീസ് എവിടെയാ…”
വരാന്തയിൽ കണ്ടൊരു പ്രായം ചെന്ന പ്യൂണിനെ പിടിച്ചു നിർത്തിയച്ഛൻ ചോദിച്ചു…..ഞാനാ സമയമാ കോളേജ് മുഴുവനുമൊന്ന് കണ്ണോടിച്ചു നോക്കി…അഡിമിഷനുമായി ബന്ധപ്പെട്ട് ഒരുപാട് പേരവിടെ വന്നിരുന്നു…അതികവും പെൺകുട്ടികളാണ്…പലരുടെയും കണ്ണുകൾ ഗേറ്റ് കടന്നു വരുന്ന എൻഡേവറിലും അതോടിച്ചിരുന്ന എന്നിലേക്കും പാളി വീഴുന്നത് ശ്രദ്ധിച്ചിരുന്നത് ആണെങ്കിലും അതൊന്നും പരിഗണിക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ…നമ്മുടെ വരവിന്റെ ഉദ്ദേശമേ വേറയല്ലേ….
“ടാ വാ…”“
വായും പൊളിച്ചു നിന്ന എന്നെയും തട്ടി വിളിച്ചുകൊണ്ടു അച്ഛൻ നടന്നു….വർഗീസ് മാങ്ങുഴിയിൽ എന്നെഴുതിയ ആളുടെ മുൻപിലേക്ക് ഞങ്ങളിരുവരും കയറിയിരുന്നു…എന്റച്ഛനും ഈയച്ഛനും തമ്മിൽ പരിജയം ഉള്ളതുകൊണ്ട് തന്നെ പിന്നെയവരുടെ വിശേഷം പുതുക്കലും നാട്ടു വാർത്തമാനവും ആയിരുന്നു….ഇതിനെല്ലാമിടയിലിരുന്ന ചത്ത ഞാൻ കൊറച്ചു വെള്ളം കുടിച്ചിട്ട് വരാമെന്ന് പറഞ്ഞേണീറ്റു