”ദേ തള്ളേ കളിക്കാതെ കാര്യം പറ…..എങ്ങനെ…എവിടെ വച്ചു…എപ്പോ….പറയ്….“
വിനോദിനോട് മനോജ് കെ ജയൻ ചോദിച്ചപോലെ ഞാനും ചോദിച്ചു എന്റെമ്മയോട്….അതാണ്ടേ അവിടെ നാണം കൊണ്ടു പൂത്തു നിൽകുവാ എന്റെ ദേവി…
”പറയമ്മ…അച്ഛൻ എങ്ങന ഇഷ്ടം പറഞ്ഞെ…?
കസേര കൊറച്ചു കൂടെ അടുപ്പിച്ചിട്ട് ഞാൻ ചോദിച്ചു…
“അതിന് അച്ഛനാ ഇഷ്ടം പറഞ്ഞതെന്ന് നിന്നോടാരാ പറഞ്ഞെ…”
അടുത്ത സവാളയെടുത്തു തൊലി കളയുന്നതിനിടയിൽ അമ്മ പറഞ്ഞു….ഏഹ് അപ്പൊ അച്ഛനല്ലേ പറഞ്ഞെ…..
“പിന്നേയ്….അമ്മ പറഞ്ഞോ അച്ഛനോട്….?
ആ ചോദ്യം കേൾക്കേണ്ട താമസം കയ്യിൽ പിടിച്ച സവാള തിരിച്ചു പത്രത്തിലേക്ക് ഇട്ടു മുഖവും പൊത്തി ഒരൊറ്റ ഇരിപ്പായിരുന്നു അമ്മ……എടി കള്ളി…..
”അത് ശെരി….നിങ്ങളാള് കൊള്ളാമല്ലോ തള്ളേ….പറ എങ്ങനെ ആണെന്ന് മുഴുവനും പറ…?
അറിയാനുള്ള ത്വര കൂടി കൂടി ഞാൻ അമ്മയെ ഇട്ടു നിർബന്ധിപ്പിച്ചു ഒടുക്കം പുള്ളിക്കാരി മനസ്സ് തുറക്കാൻ തീരുമാനിച്ചു…..
“നിനക്ക് കേശവൻ മാമ്മയുടെ പഴയ വീട് ഓർമ്മയുണ്ടോ കുട്ടാ…?
അമ്മയെന്നോട് ചോദിച്ചു….ഈ കേശവൻ എന്ന മനുഷ്യൻ വകയിലെന്റെയൊരു മാമനായി വരും…പണ്ടവരുടെ വീടൊരു മലമുകളിലായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
”ആ മലയുടെ മേളിലല്ലേ..?
“ആഹ് അത് തന്നെ….അന്നെനിക്കൊരു പതിനെട്ടു വയസ്സ് കഴിഞ്ഞു നിക്കുന്ന സമയമാ…..സ്കൂളിലെ പടുത്തവും പരീക്ഷയും കഴിഞ്ഞാൽ ഞാനും അമ്മയുമെല്ലാം കേശവൻ മാമന്റെ വീട്ടിൽ പോയി കൊറച്ചു ദിവസം നിക്കുന്നൊരു പതിവ് ഉണ്ടായിരുന്നു…..ആ വർഷവും ഞങ്ങളങ്ങനെ പോയി…..എനിക്കെന്നും അവിടേക്ക് പോകാൻ വല്യ ഉത്സാഹമാ…!
പഴയതൊക്കെ ഓർത്തു കൊണ്ടമ്മ പറഞ്ഞു…
”ഹ്മ്മ്…നല്ല ഉത്സാഹം കാണും…മേമയെ കാണാനല്ലേ ആ പോക്ക്…“
അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ പോലെ ആണ് മേമ….ഹരിത എന്നാണ് പേര്…ഞാനാണേൽ പുള്ളിക്കാരിയെ എപ്പോ കണ്ടാലും അരിതാ അരിതാ എന്ന് പറഞ്ഞു കളിയാക്കും…എന്നെ വല്യ കാര്യമാ എന്തൊക്കെ പറഞ്ഞാലും
”ആഹ് അവളെ കാണാൻ തന്നെ….ഞാനുമായി ഏറ്റവും കൂട്ട് അവളാ…എപ്പോ അവിടെ ചെന്നാലും കവലയിലുള്ള ലൈബ്രറിയിൽ പോയി ബുക്ക് എടുക്കും എന്നിട്ട് അടുത്ത് തന്നെയുള്ള മൊട്ട കുന്നിന്റെ മേളിൽ പോയിരുന്നു ഒരുമിച്ചു വായിക്കും…അതായിരുന്നു ഞാനങ്ങളുടെ ശീലം….അന്ന് പോയപ്പോളും പതിവുകളൊന്നും തെറ്റിച്ചില്ല….പുസ്തകശാലയിൽ നിന്നൊരു ബുക്കും വാങ്ങി ഞങ്ങൾ മല കയറാൻ തുടങ്ങി…“