എന്തോ പറയാനായി വന്ന നീതുവിനെ ചാരു തലയുയർത്തി നോക്കി…. നിറഞ്ഞ കണ്ണുകളും ചുവന്നു വിറക്കുന്ന ചാരുവിന്റെ അധരങ്ങളും കണ്ട നീതുവിന് പിന്നൊന്നും പറയാൻ തോന്നിയില്ല
“എനിക്കറിയാം നീതു നീ പറയാൻ വന്നത് എന്താണെന്ന്… ഞാൻ.. ഞാൻ ടീച്ചർ ആയത് അവന്റെ തെറ്റ് ആണോടി…. എനിക്കവനെക്കാൾ പ്രായം കൂടിയത് എന്റെ തെറ്റാണോ… ഒരു മണിക്കൂറിലധികം പോലും ഞങ്ങൾ സംസാരിച്ചിട്ടില്ല… പക്ഷെ അവന്റെ കണ്ണിൽ ഞാൻ കണ്ട സ്നേഹം മാത്രം മതിയെടി എത്രത്തോളം അവനെന്നെ ഇഷ്ടമാണെന്ന് തെളിയിക്കാൻ… അങ്ങനെയുള്ള ആദിയെ എങ്ങനാടി ഞാൻ വേണ്ടെന്ന് വെക്കുവാ….. എനിക്ക് പറ്റില്ലെടി….”
വീണ്ടും നിറഞ്ഞു വന്ന കണ്ണുകൾ കണ്ടതെ നീതു അവളെ കെട്ടിപ്പിടിച്ചു..
“നീയൊന്ന് കൂൾ ആയിക്കെ ചാരുവേ….നിനക്ക് അവനെ ഇഷ്ടമാണെങ്കിൽ പിന്നെ വേറെയാർക്ക ഇവിടെ പ്രശ്നം…. നിന്റെ തീരുമാനങ്ങൾ അങ്ങനെ തെറ്റാറില്ലെന്ന് എനിക്കറിയാം…. അങ്ങനെ നോക്കുമ്പോളീ തക്കാളി പെണ്ണിന് ചേർന്നതാ പൂച്ചക്കണ്ണൻ പയ്യൻ തന്നെയാ…”
നീതു കൂടി തന്റെ ഭാഗം പറഞ്ഞപ്പോൾ ചാരുവിനു വല്ലാത്തൊരു ആശ്വാസം തോന്നി…. മുൻപേ ബാൽക്കണിയിൽ നിന്നും മനസ്സിൽ തോന്നിയ ഒരായിരം ചോദ്യങ്ങളുമായുള്ള കൂട്ടിക്കിഴിക്കലുകൾ ആയിരുന്നു…ശെരിയായൊരു ഉത്തരം കണ്ടെത്താനാവാതെ അവളുടെ മനസ്സവിടെ അസ്വസ്ഥതമായിരുന്നു…. പക്ഷെയിപ്പോ എല്ലാം കലങ്ങി തെളിഞ്ഞത് പോലവൾക്ക് തോന്നി…. ജീവിതത്തിൽ ആദ്യമായി ആകർഷണം തോന്നി നോക്കി നിന്നു പോയൊരു ജോഡി കണ്ണുകൾ… അതായിരുന്നു അവൾക്ക് അവനോട് ആദ്യമേ തോന്നിയൊരു വികാരം….പിന്നീടത് രാത്രി ഉറക്കത്തിലും വന്നു ശല്യം ചെയ്യാൻ തുടങ്ങിയപ്പോ പേരറിയാത്തൊരു തോന്നലായി മാറി.. ഒടുക്കമാ വികാരത്തെ തിരിച്ചറിഞ്ഞത് പിറ്റേന്നവൻ തനിക്ക് മുൻപിൽ വന്നിരുന്നപ്പോളാണ്…. അപ്പോളും തോന്നി മറ്റൊരു സംശയം… അവനിതൊരു കുട്ടിക്കളി മാത്രമാണെങ്കിൽ…. ഇരുപതാമത്തെ വയസ്സിൽ തോന്നുന്നൊരു വികൃതിയാണെങ്കിൽ….പക്ഷെ ആധാർ കാർഡ് നമ്പറെടുക്കാനായി ഫോൺ വാങ്ങിയ ശേഷം… ഫോണിന്റെ വോൾപേപ്പറായി അവൻ സ്വയം വരച്ചെടുത്തെയാ തന്റെ ചിത്രം……… കോളേജ് വരാന്തയിൽ ആരെയോ തേടുന്ന കണ്ണുകളുമായിരിക്കുന്ന തന്റെ മുഖമുള്ളയാ ചിത്രം കണ്ടപ്പോ മുതൽ ഉള്ളിലൊരൊറ്റ ചിന്തയായിരുന്നു…എങ്കിലും ഉറപ്പിക്കാനാവാതെ അവളുടെ മനസ്സവിടെ നിന്നിടറി…. അതുകൊണ്ട് തന്നെ ആണ് അന്നേ ദിവസം വൈകുന്നേരം അവളവന്റെ നമ്പർ തേടി പിടിച്ചു വിളിച്ചു സംസാരിച്ചത്… വെറുമൊരു അട്ട്രാക്ഷൻ മാത്രമാണെങ്കിൽ അതിവിടം കൊണ്ടു തീരട്ടെ എന്നവൾ കരുതി…. വീണ്ടുമുറക്കം കിട്ടാത്തൊരു രാത്രി കൂടി കടന്നു പോയി…. ഒടുക്കം അവളുടെ സംശയത്തിനുള്ള ഉത്തരവും മനസ്സിനുള്ളിലെ പ്രണയവും തുറന്നു പറഞ്ഞു കൊണ്ടവൻ അവൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു…………. ഇപ്പൊ ഇതാ… ഈ നിമിഷം ചാരുവിന്റെ കടലുപോലിരമ്പികൊണ്ടിരുന്ന മനസ്സിപ്പോ ശാന്തമാണ്….. എല്ലാത്തിനും വേണ്ടിയുള്ള ഉത്തരം കണ്ടെത്തിയിരിക്കുന്നു….. ചാരുവവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു……………