ഫാനിന്റെ സ്പീടും കൂട്ടിയിട്ടു വീണ്ടും ഞാൻ കേറി കിടന്നു…ഉറങ്ങാനുള്ള സമയമായില്ല…ഓരോന്ന് ഓർത്തു കിടക്കുമ്പോളല്ലേ അച്ഛൻ വന്നത്….ഏതായാലും ഈ ഒരാഴ്ച ഇവിടെ വെറുതെ നിന്ന് ബോറടിക്കുന്നതിലും നല്ലതാ നാടുവരെ ഒന്ന് പോയി വരുന്നത്
കണക്ക് കൂട്ടലുകളുമൊക്കെയായി ഞാൻ അങ്ങനെ കിടന്നു…കണ്ണൊന്നു മയങ്ങി തുടങ്ങിയപ്പോളേക്കും എവിടെ നിന്നോ ഒരു പിടി പൂക്കളുമായി ചാരുവുമെന്റെ കൂടെ കൂടി……..സമാധാനമായൊരു ഉറക്കം……
പിറ്റേന്ന് പകൽ തെളിഞ്ഞതെ തിരക്കോട് തിരക്ക് ആയിരുന്നു..അമ്മയും അച്ഛനും ബാഗും തുണികളുമായി ഓടി നടന്നാണ് പാക്കിങ്…ഞാനും വെറുതെ ഇരിക്കേണ്ടെന്ന് കരുതി എന്റെയൊരു ബാഗിലെക്ക് ഒന്ന് രണ്ടു ഷർട്ടും പാന്റും നിക്കറുമെല്ലാം തിരുകി കയറ്റി…പിന്നെ വളരെ ഭദ്രമായി തന്നെ ഐപാടും എടുത്തു വെച്ചു….അമ്മ പറഞ്ഞത് വച്ചു നോക്കുമ്പോ അവര് സ്ഥിരം പോയിരിക്കാറുള്ള മൊട്ടക്കുന്ന് അവിടടുത്തു തന്നെ ആണ്..ഒത്താൽ അവിടെ പോയിരുന്നു വരയ്ക്കണം…അതാണ് മനസ്സിലെ പ്ലാൻ…
എല്ലാമൊന്ന് ഒതുക്കി വച്ചപ്പോളേക്കും താഴേന്നു വിളി വന്നു…ഞാൻ ബാഗുമായി താഴേക്ക് ഇറങ്ങിയപ്പോളേക്കും അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു
“നീയാ ബാഗ് എല്ലാം എടുത്തു കാറിലേക്ക് വച്ചിട്ട് വാ..കഴിച്ചിട്ട് ഇറങ്ങാം…”
മമ്…അപ്പൊ ഇന്നത്തെ ഡ്രൈവറും ഞാൻ തന്നെ….ബാഗ് എല്ലാം എടുത്തു പെറുക്കി ടിക്കിയിൽ വച്ചപ്പോളേക്കും എന്റെ പൾസറും കൊണ്ടച്ചൻ മുറ്റത്തേക്ക് കയറി
“അച്ഛനെവിടെ പോയതാ…?
ചെരുപ്പൂരി കയറുന്നതിനിടയിൽ ഞാൻ ചോദിച്ചു
”ഓഫീസ് വരെ പോയതാ…ജോർജിനെ എല്ലാം പറഞ്ഞേൽപ്പിക്കാൻ…അല്ലെങ്കിൽ പിന്നെ അവിടെ പോയാലും എനിക്കൊരു സമാധാനം കാണുകേല…“
ചാവി എനിക്ക് നേരെ നീട്ടികൊണ്ട് അച്ഛൻ പറഞ്ഞു….എന്തൊക്കെ പറഞ്ഞാലും ബിസിനസ്സിന്റെ കാര്യത്തിൽ അച്ഛനൊരു ഉഴപ്പും നടത്തുകേല…അതുകൊണ്ട് തന്നെ ആണെനിക്ക് കമ്പനിയിൽ കയറാൻ തന്നെ മടി…നമ്മളവരെ പോലെ അല്ലല്ലോ…
”ദേ സംസാരം കഴിഞ്ഞെങ്കിൽ വാ കഴിക്കണ്ടേ…“
അടുക്കളയിൽ നിന്നും കഴിക്കാനുള്ള സാധനങ്ങളുമായി വന്നയമ്മ പറഞ്ഞു
”ഇന്നും ദോശയാണോ..?
മുൻപിൽ വച്ച പത്രത്തിന്റെ അടപ്പ് തുറന്നുകൊണ്ട് ഞാൻ ചോദിച്ചു…അതേ ഇന്നും ദോശ…ഞാൻ വല്ലാത്തൊരു ഭാവത്തോടെ അമ്മയെ നോക്കി
“സമയം കുറവല്ലേട..അതോണ്ടാ..ഇന്നൊരു ദിവസത്തേക്ക് ഷമിക്ക് നീ…”