🍁വേനൽപ്പൂവ്🍁
Venalppoovu | Author : Nilamizhi
നിലാ മിഴി എഴുതുന്നു…
—- ദളം : ഒന്ന്..
സമയം വൈകിട്ട് ഏതാണ്ട് അഞ്ചരയോടടുത്തിരുന്നു… പതിവിലും വിപരീതമായി സക്കറിയ മാഷിന്റെ സ്പെഷ്യൽ ക്ലാസ്സ് കഴിഞ്ഞു ഞാൻ കോളേജ് വിട്ടിറങ്ങി…
വെയിലോ മഴയോ ഇല്ല…
മൂകമായ അന്തരീക്ഷം…
ഇളം തെന്നൽ വീശിയടിക്കുന്നു…
കോളേജ് ഗേറ്റും കടന്ന് കട്ട് റോഡിലേക്കിറങ്ങുമ്പോഴും എന്റെ മനസ്സ് നിറയെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വിങ്ങലായിരുന്നു…
അതെ നാളെ.. നാളെ അവർ നാട്ടിലെത്തുകയാണ്… എന്റെ സ്വപ്നങ്ങളെയും മോഹങ്ങളെയും തകർത്തെറിയുവാൻ… എന്റെ സിസ്റ്റർ മാർക്കരികിൽ നിന്നും എന്നെ എന്നെന്നേക്കുമായി പറിച്ചെറിയുവാൻ…
എന്ത് ചെയ്യണമെന്നറിയാത്ത ഒരു അവസ്ഥ… മനസ്സ് ഇപ്പോഴും ശൂന്യമാണ്.. ഒരു എത്തും പിടിയും കിട്ടുന്നില്ല…
പെട്ടെന്ന്… പെട്ടെന്നതാ ഒരു ഇടിമുഴക്കം.. ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി.. സ്വപ്നാടനത്തിൽ നിന്നുണർന്നപോലെ ചുറ്റിലും ഒന്ന് നോക്കി.. പിന്നെ പതിയെ ആകാശത്തേക്കും…
ആകാശം മഴയ്ക്കു വട്ടം കൂട്ടുകയാണോ…?
ചിന്തകളിൽ നിന്നുണർന്ന
മനസ്സോടെ ഞാൻ പെട്ടെന്ന് മുന്നോട്ട് നടന്നു…
” ജിയോ…
ആരുടെയോ പിൻവിളി… ഞെട്ടലോടെ ഞാൻ ഒന്നു തിരിഞ്ഞുനോക്കി…
” അജു…
സ്കൂളിലെ എന്റെ കൂട്ടുകാരൻ…
” നീ… നീ നാളെ പോകുവാണല്ലേ…”
അജുവിന്റെ ശബ്ദം വല്ലാതിടറിയിരിക്കുന്നു.. സങ്കടം കൊണ്ടാവാം അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു…
” അച്ചന്റെ കല്പനയാണ്… നിക്ക് പോയില്ലേ പറ്റൂ അജു…
ഒരു നിമിഷത്തെ മൗനത്തെ ഭേദിച്ചുകൊണ്ട് അല്പം കലങ്ങിയ മിഴികളോടെ ഞാൻ അജുവിനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു…