***************************
ഞാനും അവനും ചേർന്ന് എൻ്റെ ബൈക്കിൽ മായയുടെ വീട് ലക്ഷ്യം വച്ച് നീങ്ങി. അവൻ പുറകിലിരുന്ന് എന്തൊക്കെയോ പറയുന്നുണ്ട്, അത് എൻ്റെ ചെവി കേൾക്കുന്നുണ്ടെങ്കിലും എൻ്റെ മനസ്സ് അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. എൻ്റെ മനസ്സ് മുഴുവൻ മായ മാത്രമായിരുന്നു. ബൈക്കിൻ്റെ വേഗത ഞാൻ പോലുമറിയാതെ കൂടുമ്പോൾ എൻ്റെ തോളിലേക്ക് ലല്ലുവിൻ്റെ ഇടയ്ക്കിടെയുള്ള തട്ടലുകളാണ് എന്നിലെ ശ്രദ്ധയെ തിരികെയെത്തിക്കുന്നത്. ഉടുവിൽ ഞങ്ങൾ മായയുടെ വാടക വീടിനരികിലെത്തി. വലിയൊരു ജനപ്രവാഹം തന്നെ അവിടെയുണ്ടായിരുന്നു. വിശ്വനാഥനെ അന്ത്യയാത്രയാക്കാൻ ഒത്തുകൂടിയവർ. ബൈക്കിനെ കുറച്ചധികം ദൂരത്തിൽ ഒതുക്കിയ ശേഷം ഞങ്ങൾ മായയുടെ വീടിനരികിലേക്ക് നടന്നു. മായ ചേച്ചിയെ പുറത്ത് കാണുന്നില്ല. നാട്ടുകാരും കുടുംബക്കാരും കൊണ്ട് ആ മുറ്റം നിറഞ്ഞിരുന്നു.ഒരു ഒതുക്കത്തിൽ ഞങ്ങൾ അവർക്കിടയിലൂടെ വീടിനു മുന്നിലെത്തി. ബോഡി എത്തിയിട്ടില്ല. അരികിൽ നിന്നിരുന്ന ചേട്ടനോട് അന്വേഷിച്ചപ്പോൾ 1 മണിക്കൂറിൽ എത്തുമെന്ന് അറിയാൻ സാധിച്ചു. മായയും കുട്ടികളും വീടിനുള്ളിൽ തന്നെയാണ് എന്ന് ഞാൻ ഉറപ്പിച്ചു അവളെ ഒരു നോക്ക് കാണുവാൻ മനസ്സ് ആഗ്രഹിച്ചു. പക്ഷെ അവളുടെ ബന്ധുക്കൾക്കിടയിലൂടെ ആ വീട്ടിനുള്ളിൽ ചെന്ന് അവളെ കാണുക എന്നത് തികച്ചും പ്രയാസം തന്നെയാണ്.
“അളിയാ പിന്നിലേക്ക് നിൽക്കാം” എന്ന ലല്ലുവിൻ്റെ ശബ്ദത്തിനൊപ്പം അവനോടൊപ്പം ഞാനും പിന്നിലേക്ക് നീങ്ങി.ഞങ്ങൾ പണി നടക്കുന്ന വീട്ടിലേക്ക് ചെന്നു. അവിടെ വീടിനു പുറകിലായ് ഒരു വശത്ത് ചിതയൊരുക്കുകയാണ് കുറച്ചു പേർ. അതൊക്കെ നോക്കിയും ഞാനും അവനും എന്തൊക്കെയോ സംസാരിച്ചും നിൽക്കുന്നതിനൊടുവിൽ ഞങ്ങളുടെ ചെവിയിൽ ആംബുലൻസ് സൈറൺ മുഴങ്ങി കേട്ടു. അതെ ബോഡിയെത്തിരിക്കുന്നു. കുറച്ചു പേർ ചേർന്ന് വിശ്വനാഥൻ്റെ ശവശരീരം വാടക വീട്ടുമുറ്റത്തെത്തിച്ചു. ഉറക്കെയുള്ള അലർച്ചയുമായ് മായ ചേച്ചി വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി വന്നു. ഒപ്പം കുട്ടികളും അവരെ അനുഗമിച്ച് മറ്റു ബന്ധുക്കളും. അലമുറയിട്ട് കരയുന്ന മായയെ കണ്ട് എൻ്റെ ഉള്ളം പിടഞ്ഞു. അവളുടെ മുഖം വിഷമത്താൽ വാടിപ്പോയിരുന്നു. ഒതുക്കം തെറ്റി വാരി വലിച്ചു കെട്ടിയ മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് മായ വിശ്വനാഥൻ്റെ ശരീരത്തിനരികിലായ് ഇരുത്തമുറപ്പിച്ചു. കുട്ടികളും മായയുടെ ഇരുവശത്തായ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് ഇരുന്നു. മായയുടെ ആ ഇരുത്തം കണ്ട് അറിയാതെ തന്നെ എൻ്റെ കണ്ണുകളിലും കണ്ണുനീർ പൊടിഞ്ഞു. അവസാനം ശരീരം ചിതയിലേക്ക് എടുക്കുമ്പോൾ മായയുടെ കരച്ചിലു കണ്ട് കൈവിട്ടു പോയ ഞാൻ അവിടെ നിന്നും മാറി നേരെ ബൈക്കിനെ ലക്ഷ്യമാക്കി. ലല്ലുവും എൻ്റെ ഒപ്പം വന്നു.