അവൾ ഒന്നും മിണ്ടിയില്ല…
“അതിനിടക്ക് കല്യാണം വന്നത് കൊണ്ടാണോ..? എനിക്കും നിന്നെ അത്രയേറെ ഇഷ്ടമുള്ളത് കൊണ്ടല്ലേ നിന്റെ സ്നേഹം കിട്ടണമെന്ന് ഞാൻ ആശിക്കുന്നത്.”
“പ്ലീസ് മതി..”
“ഓക്കേ…”
ആ സെക്കൻഡിൽ തന്നെ അവൻ കോൾ കട്ട് ചെയ്തു.
“റിതി…”
അവൾ പറയുന്നത് മുഴുവൻ കേൾക്കുന്നതിനു മുൻപേ റിതിൻ ദേഷ്യത്തോടെ കോൾ കട്ട് ചെയ്തത് കണ്ടപ്പോൾ ആമിക്ക് വല്ലാതെയായി. റിതിനും അത് സങ്കടമായെങ്കിലും തിരിച്ചു വിളിക്കാൻ നിന്നില്ല. സന്ധ്യ മയങ്ങുന്ന നേരം വണ്ടിയുടെ ലൈറ്റുകളും സ്ട്രീറ്റ് വെട്ടങ്ങളും കത്തി തുടങ്ങി. ഓറഞ്ച് കലർന്ന നിറക്കൂട്ട് പകർത്തിയ ആകാശത്തിൽ കണ്ണ് മിഴിച്ച് അവൻ കുറച്ചു നേരം നിന്നു.
അടുത്ത ദിവസം കൂടെയുള്ള സ്റ്റാഫുകൾക്ക് വേണ്ടി രണ്ട് ബോക്സ് ലഡ്ഡുവുമായാണ് ശ്രീയും ആമിയും ഓഫീസിൽ എത്തിയത്. തങ്ങളുടെ കല്യാണം ക്ഷണിച്ചു കൊണ്ട് എല്ലാവർക്കുമവർ ലഡ്ഡു വിതരണം നടത്തി. റിതിനും കിട്ടി ഒരെണ്ണം. മനസ്സിൽ ഒളിപ്പിച്ച വേദനയോടെ അവനും എടുത്തു. അത് ആമിക്ക് മനസിലായിരുന്നു. അവന്റെ മുഖം കണ്ട് അവളുടെ നെഞ്ചും ഒന്ന് ആസ്വസ്ഥമായി. ഇത് വരെ കാണാതിരുന്ന ഒരു സങ്കടം റിതിന്റെ മുഖത്തു നിഴലടിച്ചിരുന്നു. ബോസ്സിന്റെ കേബിനിൽ കയറിയപ്പോൾ നീണ്ട ദിവസത്തെക്ക് വേണ്ടിയുള്ള ആമിയുടെ ലീവ് അപ്ലിക്കേഷൻ കണ്ട് ഒന്നൂടെ പിരിമുറുക്കം കൂടി.
വൈകുന്നേരം ഓഫീസ് ടൈം കഴിഞ്ഞ് എംപ്ലോയീസ് പോയി തുടങ്ങുന്ന സമയം ആമി വേഗം റിതിന്റെ കേബിനിൽ കയറി.
“എനിക്ക് സംസാരിക്കാനുണ്ട്.. പോകരുത്..”
എന്ന് പറഞ്ഞ ശേഷം അവൾ തിരികെ വന്ന് ബാഗ് എടുത്ത് റെഡിയാക്കി. എല്ലാവരും ഇറങ്ങി കഴിഞ്ഞു. ബാത്‌റൂമിൽ പോയി വന്ന ശ്രീ അവളുടെ അടുത്തെത്തി.
“ആമീ.. പോകാം..”
“ഏട്ടാ.. ഞാൻ റിതിയോട് പറഞ്ഞിട്ട് വരാം. ഇനി കല്യാണം കഴിഞ്ഞല്ലേ ഓഫിസിലേക്ക് മടക്കമുള്ളൂ.”