“മോളേ… ഒരു കാര്യം ചോദിച്ചോട്ടെ… മോൾക്ക് വിഷമമൊന്നും തോന്നരുത്… നമ്മുടെ എല്ലാ കാര്യങ്ങളും പരസ്പരം അറിയാം എന്ന് കരുതി ചോദിക്കുകയാ…”
“ഇച്ചായൻ ചോദിച്ചോ… എന്ത് വേണേലും ചോദിച്ചോ… എങ്ങനെ വേണേലും ചോദിച്ചോ… എനിക്കൊരു വിഷമവും ഇല്ല…”
“ശരി… നീ സത്യനുമായിട്ടെങ്ങിയാ…നല്ല ബന്ധത്തിൽ തന്നെയായിരുന്നോ… നിൻ്റെ വീട്ടിൽ വന്നപ്പോൾ ചില പെരുമാറ്റത്തിൽ എനിക്കങ്ങിനെ തോന്നിയില്ല… അത് കൊണ്ട് ഞാൻ ചോദിച്ചതാ…”
ഷീബ കുറച്ച് സമയം ബെന്നിയുടെ മുഖത്തേക്ക് നോക്കിയിരുന്നു. അവളുടെ പ്രസന്നമായ മുഖഭാവം പതിയെ മാറുന്നതും പകരം അവിടെ കടുത്ത കോപവും, സഹിക്കാനാവാത്ത സങ്കടവും മാറി മാറി വരുന്നതും ബെന്നി കണ്ടു. അവസാനം കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ ഇറ്റിവീഴുന്നതും അവൻ കണ്ടു.
“ഇച്ചായാ…ഞാനത് പറയണോ… എൻ്റെജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ കാര്യങ്ങളാണത്… അത് പറഞ്ഞാൽ… പറഞ്ഞാൽ..ഞാൻ.. ഞാൻ..കരഞ്ഞു പോകും… സത്യമായിട്ടും കരഞ്ഞു പോകും…വേണോ ഇച്ചായാ…ഞാനത് പറയണോ…?”
സഹിക്കാൻ കഴിയാത്ത ഹൃദയവേദനയോടെ, നിറഞ്ഞ് തുളുമ്പുന്ന കണ്ണുകളോടെ, വിതുമ്പുന്ന ചുണ്ടുകളോടെ, ഷീബ ചോദിച്ചു.
അവളനുഭവിച്ച വേദനയുടെ അഴം ആ ചോദ്യത്തിലുണ്ടായിരുന്നു.ബെന്നിക്കത് ശരിക്കും മനസിലായി. പെട്ടെന്നവൻ വണ്ടി ഓരം ചേർത്ത് നിർത്തി. പിന്നെ ഷീബയുടെ കൈ പിടിച്ച് വലിച്ച് തൻ്റെ നെഞ്ചിലേക്കിട്ട് വാരിപ്പുണർന്നു. അതോടെ ഷീബ ഹൃദയം പൊട്ടിക്കരഞ്ഞു. ഒരുപാട് കാലം നെഞ്ചിലടക്കി വെച്ച എല്ലാ സങ്കടങ്ങളും അവൾ കരഞ്ഞു തീർത്തു. ബെന്നി ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളോടെ അവളെ തലോടി ആശ്വസിപ്പിച്ച് കൊണ്ടിരുന്നു.
എത്ര കരഞ്ഞിട്ടും ഷീബക്ക് മതിയായില്ല.
അവൾ വാവിട്ട് നിലവിളിച്ചും, ഏങ്ങലിടിച്ച് കരഞ്ഞും അവൻ്റെ നെഞ്ചിൽ മുഖംപൂഴ്തി.
ബെന്നി അവളെ ശല്യപ്പെടുത്തിയുമില്ല. അവളെ മാറോടണച്ചു പിടിച്ചു. അവളും ഇനിയൊരാൾക്കും ബെന്നിയെ വിട്ടുകൊടുക്കില്ലെന്ന പോലെ മുറുകെ കെട്ടിപ്പിടിച്ചിരുന്നു.
പതിയെപ്പതിയെ അവളുടെ കരച്ചിൽ ഒരു തേങ്ങലായി മാറി. കുറച്ച് നേരം കൂടി തേങ്ങിക്കൊണ്ട് അവൻ്റ നെഞ്ചിൽ കിടന്നു.
പിന്നെ പതിയെ മുഖമുയർത്തി നിറഞ്ഞ് ചുവന്ന കണ്ണുകളോടെ ബെന്നിയെ നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള പുഞ്ചിരി ഇതാണെന്ന് ബെന്നിക്ക് തോന്നി.
അപ്പോഴാണ് ഷീബ ശ്രദ്ധിച്ചത്. ഇച്ചായൻ്റെ കണ്ണുകൾ നിറഞ്ഞ് കവിളിലൂടെ കണ്ണീർ ഒഴുകിയിറങ്ങുന്നു. അതവൾക്ക് സഹിക്കാനായില്ല.
നനഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.