അവൾ വേഗം ചെന്ന് കാര്യങ്ങൾ ശ്രീയോട് പറഞ്ഞു. അവനും നല്ല സന്തോഷമായി. വർക്ക് പ്രെഷറുകളിൽ നിന്ന് മുക്തനാവുകയെന്നത് ഒരു കോർപ്പറേറ്റ് കമ്പനിയിൽ വർക്ക് ചെയ്യുന്ന എല്ലാവർക്കും മനസിലാകുന്ന കാര്യമാണ്. അത് തന്നെയാണ് അവരുടെ സന്തോഷത്തിന്റെ മാറ്റ് കൂട്ടിയത്.
ഉച്ച വരെയും റിതിൻ ബോസ്സിന്റെ കേബിനിൽ തന്നെയായിരുന്നു. ആമിയും ശ്രീയും ഒരുമിച്ച് ലഞ്ചിനു കയറി.
“എടി..ഇപ്പൊ ഒന്ന് ശ്വാസം വിടാൻ കഴിഞ്ഞല്ലെ.?”
“ഹൊ.. പിന്നല്ലാതെ.. റിതി അതൊക്കെ എങ്ങനെ ഒപ്പിച്ചെന്ന് എനിക്ക് പോലുമറിയില്ല.”
“അവൻ നല്ല സ്മാർട്ട് ആണ്.. കണ്ടാൽ അറിയില്ലേ..”
“മ്മ്…”
ആമി പുഞ്ചിരിച്ച് മൂളിയത് ശ്രീ ശ്രദ്ധിച്ചു.
“കാമുകനെ വിശേഷിപ്പിക്കുമ്പോൾ കാമുകിയുടെ മുഖത്ത് അസ്സല് പുഞ്ചിരിയാണല്ലോ…?”
“ഓ…” അവൾ ചുണ്ട് കോട്ടി.
“ഏയ്.. അത് സ്വഭാവികമാണ്. ഞാൻ പറഞ്ഞെന്നെ ഉള്ളു..”
“ഒന്ന് പോയേ ഏട്ടാ..”
“ഇത്തവണ ബോസ്സിന്റെ വക ട്രീറ്റ് ഒന്നുല്ലേ..?”
“അതിന് കംപ്ലീറ്റ് ഒന്നുമായില്ലല്ലോ..”
“പക്ഷെ സക്സസ് അല്ലേ..? ബാക്കിയുള്ളതൊക്കെ റിതിൻ റെഡി ആക്കും. അവനുമില്ലേ നിന്നെയൊന്നു അടുത്ത് കിട്ടാത്തതിന്റെ വികാരം.”
“ശ്ഹ്… എന്റേട്ടാ…”
“എന്താടി..?”
“ഇപ്പോ നാക്കിനു തീരെ എല്ലില്ലാണ്ടായി..”
പറയുമ്പോഴും അവളുടെ ദ്വിതീയ ഭാവം ശ്രദ്ധിച്ചിരുന്ന ശ്രീ പുഞ്ചിരിച്ചു കൊണ്ട് തുടർന്നു.
“എടി പിന്നെ.. ഉച്ചക്ക് ശേഷം ഞാൻ ലീവിയിരിക്കും കെട്ടാ…”
“ങ്ങേ.. എന്തു പറ്റി..?”
“അമ്മാവൻ വിളിച്ചിരുന്നു. സുഖമില്ലെന്ന് അറിയിച്ചു. ആകെ ബന്ധുവെന്ന് പറയാൻ എനിക്ക് അയാളല്ലേ ഉള്ളു..”
“ഞാൻ വരണോ..?”
“വേണ്ട… നീ വർക്ക് കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോരെ..”
“ഞാനും വരാം ഏട്ടാ.. ഒറ്റക്ക് പോകേണ്ട..”
ചെറിയൊരു മൗനത്തിനു ശേഷം അവൾ പറഞ്ഞു.
“ഏയ് വേണ്ടെടി.. വേണമെങ്കിൽ ഞാൻ തന്നെ നിന്നോട് പറയില്ലേ.. ഞാനൊന്നു പോയിട്ട് നോക്കട്ടെ സ്ഥിതിയെന്താണെന്ന്.”