റിതിന്റെ മനസ്സ് വായിക്കാനാകാതെ ഊർന്നു വീണ മുന്താണിയെടുത്തു ചുമലിൽ വച്ച് പിന്ന് കുത്തുകയാണ് ആമി. കാറിൽ ഉണ്ടായ ബോട്ടിൽ വെള്ളം അവനവൾക്ക് കൊടുത്തു. വായ ഒന്ന് കഴുകി കഴിഞ്ഞതും വണ്ടി മുൻപോട്ടേക്ക് പറന്നു. സമയം കുറവായത് കൊണ്ട് വേഗത്തിൽ തന്നെ ലക്ഷ്യം സ്ഥാനത്ത് എത്തിച്ചു. ആമിയുടെ നിർബന്ധ പ്രകാരം അവനവളെ ഇടവഴിയിലിറക്കി. ടാറ്റ പറഞ്ഞ് പിരിഞ്ഞ് ആമി വീട്ടിലേക്ക് നടന്നു. ശ്രീ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.
“എടി.. നിന്റെ ഫോണിൽ കിട്ടുന്നില്ലല്ലോ… ഞാൻ വിളിച്ചിരുന്നു..”
“ആ.. എന്റെ ഫോൺ ഓഫായി..”
അവൾ സാരിത്തുമ്പ് കയ്യിൽ കറക്കി കൊണ്ട് അൽപ്പം ക്ഷീണിതയായി നടന്നു വന്നു. കാമുകന്റെ കൂടെ ബീച്ചിൽ കറങ്ങിയിട്ടാണ് ആമി വരുന്നതെന്ന് ശ്രീ അറിഞ്ഞില്ല.
“അതൊന്നു ശ്രദ്ധിച്ചെങ്കിൽ എനിക്ക് നിന്നെ കൂട്ടാൻ വരാൻ കഴിയുമായിരുന്നില്ലേ…”
അവനല്പം ദേഷ്യത്തോടെയാണ് ചോദിച്ചത്. അതവൾക്ക് ഇഷ്ടപ്പെട്ടില്ല.
“അത് കുഴപ്പമില്ല ഞാനിങ്ങു വന്നില്ലേ..”
“എങ്ങനെയാ വന്നേ..?”
“റിതിൻ കൊണ്ടു വിട്ടു. ഞാൻ മെസ്സേജ് അയച്ചിരുന്നല്ലോ..?”
“അതിപ്പോഴാണ് ഞാൻ കണ്ടേ..?”
“മ്മ്..” പിന്നെന്തിനാ ചോദിക്കുന്നെ എന്ന ഭാവത്തിൽ അവൾ മൂളി.
“അതെങ്ങനെ സംഭവിച്ചു..?”
“ഞാൻ ഒറ്റക്ക് പോകുന്നത് കണ്ടിട്ട് റിതി ഇങ്ങോട്ട് പറഞ്ഞതാ.. ക്ഷീണം തോന്നിയോണ്ട് ഞാൻ ഓക്കെ പറഞ്ഞു.”
“നിനക്കെപ്പോഴും ക്ഷീണമാണല്ലോ…”
“എന്നോട് ചാടി കടിക്കേണ്ട.. ഏട്ടന്റെ ഫോൺ നോക്ക്.. ഞാൻ പറഞ്ഞിരുന്നു. അതിന് തിരിച്ച് റിപ്ലൈ ഉം കോളും ഒന്നും ഇല്ലാഞ്ഞത് കൊണ്ട് കേറിയതാ. തെറ്റാണെങ്കിൽ ക്ഷമിക്ക്..”
“ഞാനിത് മെസ്സേജ് നോക്കി അറിയേണ്ട കാര്യമാണോ.. നിനക്ക് ഒന്ന് വിളിച്ചാലെന്താ…?”
“വിളിച്ചിട്ട് കിട്ടിയില്ല..”
“കള്ളം പറയല്ലേ ആമി..”
“കള്ളമൊന്നുമല്ല.. ഏട്ടന് ഇഷ്ടായില്ലെങ്കിൽ സോറി.. ഇനി ഞാൻ അവനോട് മിണ്ടുന്നില്ല തീർന്നില്ലേ..?”