അപ്പോൾ കണ്ണുകൾ അടച്ച് ശാന്തമായി ഉറങ്ങുന്ന കനകാംബിരിയെ കണ്ടു അവൻ വീണ്ടും തിരികെ അമ്മയെ നോക്കി. അമ്മയെന്താ സ്വപ്നം കണ്ടോ? വല്യമ്മ ഒരു കുഴപ്പവുമില്ലാതെ ഉറങ്ങുകയാണല്ലോ ജയയെ നോക്കി ഇത്തിരി സംശയത്തിൽ അവൻ പറഞ്ഞു.
ഇല്ലടാ അത് ഞാൻ ഇപ്പോൾ അമ്മയെ പുതപ്പിച്ചു, വെള്ളവും കൊടുത്ത് കിടത്തിയതാണ് എന്തോ എനിക്കൊരു ഭയം തോന്നുന്നു.
എന്ത് ഭയം അമ്മയ്ക്ക് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ എന്തോ മതിഭ്രമം പിടിച്ചതാണ്. അമ്മയുടെ സ്കൂളിലുള്ള ടീച്ചർമാരൊക്കെ ആവശ്യമില്ലാത്ത എന്തൊക്കെയോ അമ്മയോട് പറഞ്ഞിട്ടുണ്ട് അതൊക്കെ അമ്മയുടെ മനസ്സിൽ ഉള്ളതുകൊണ്ടാണ് ഇങ്ങനെ അമ്മ പോയി കിടക്ക് എനിക്കാണെങ്കിൽ ഉറക്കം വന്നിട്ട് വയ്യ.
അവൻ ജയയെ മറികടന്ന് അവൻറെ മുറിയിലേക്ക് പോയി.
ജയ ടീച്ചർ വീണ്ടും വന്നു കനകാംബിരിയെ ഒരുവട്ടം കൂടി നോക്കി ആ മുറിചുറ്റും ഒന്നു നോക്കിയ ശേഷം ലൈറ്റ് അണച്ച് തിരികെ തൻ്റെ മുറിയിലേക്ക് പോയി. പോയി കിടന്നിട്ട് കണ്ണുകൾ അടക്കുമ്പോഴൊക്കെ എന്തോ ഭീതിപ്പെടുത്തുന്നത് പോലെ ജയ ടീച്ചർക്ക് തോന്നുകയാണ് ഉറക്കം വരുന്നില്ല. ഭർത്താവ് മരിച്ച സമയത്ത് മാസങ്ങളോളം ടീച്ചർക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു.
ആ സമയത്ത് ഒരു ശീലം ടീച്ചർ തുടങ്ങിവച്ചു ഉറക്കം കിട്ടാൻ പ്രയാസമാകുമ്പോൾ ഒന്നോ രണ്ടോ ഉറക്കഗുളികകൾ എടുത്ത് കഴിക്കുക, അലമാര തുറന്ന് മൂന്ന് ഉറക്കഗുളികൾ എടുത്ത് വായിലിട്ട് ഇത്തിരി വെള്ളവും കുടിച്ച് ടീച്ചർ കണ്ണുകൾ അടച്ചു തുടങ്ങി.
പിറ്റേന്ന് പ്രഭാതം.
ഇത്തിരി താമസിച്ചാണ് ജെയ ടീച്ചർ എഴുന്നേറ്റത്. തലയ്ക്ക് നല്ല ഭാരം ഇന്നലെ കഴിച്ച ഉറക്കഗുളികയുടെ ക്ഷീണം മാറിയിട്ടില്ല. കുളിമുറിയിൽ കയറി പല്ലു തേച്ച് പ്രഭാതകൃത്യങ്ങളും കുളിയും കഴിഞ്ഞാണ് ടീച്ചർ വെളിയിൽ ഇറങ്ങിയത് നേരെ അമ്മായിയമ്മയുടെ മുറിയിലേക്ക് പോയി. ഇന്നലെ കിടന്നതുപോലെ തന്നെ കണ്ണുകൾ അടച്ച് അവർ മയങ്ങുന്നു.
ഒരുപക്ഷേ ഇന്നലെ സംഭവിച്ചതൊക്കെ ഒരു സ്വപ്നമാകുമോ ടീച്ചറുടെ മനസ്സിൽ ചിന്താ കുഴപ്പങ്ങൾ ഉടലെടുത്തു. തിരികെ അടുക്കളയിൽ പോയി ചായ തിളപ്പിക്കുവാനായി വെള്ളം വച്ചു. പ്രാതലിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
വിജയ് ദേവ് പിന്നെയും കുറെ സമയം കഴിഞ്ഞാണ് എണീറ്റത്. അമ്മയുടെ മുറിയിൽ ഉള്ള ബാത്റൂമിൽ പോയി പല്ലൊക്കെ ബ്രഷ് ചെയ്ത് അടുക്കളയിലേക്ക് വന്നു. അമ്മ തിരക്കിട്ട പണിയിലാണ്.
എന്താ അമ്മേ ഇന്നലെ രാത്രി സംഭവിച്ചത്.
എനിക്കറിയില്ല വിജയ്. ഞാൻ ചെല്ലുമ്പോൾ കണ്ട കാര്യങ്ങളാണ് ഇന്നലെ ഞാൻ നിന്നോട് പറഞ്ഞത് നിനക്ക് വിശ്വാസമായില്ലല്ലോ.
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വല്യമ്മയെ ശുശ്രൂഷിക്കുന്ന മുനിയമ്മ അടുക്കള പുറത്തുകൂടി അവിടേക്ക് കടന്നു വന്നു. അവർക്ക് ഒരു ഗ്ലാസ് കാപ്പി കൊടുത്തുകൊണ്ട് ഇന്നലെ നടന്ന സംഭവം അവരോട് ജയ ടീച്ചർ വിശദീകരിച്ചു.