സിദ്ധു പറഞ്ഞത് മുഴുവനായും മനസിലായില്ലെങ്കിലും ചിന്നൻ തല കുലുക്കി…
” എടാ അവിടെ എത്രയോ പണിക്കാരുണ്ട്, അവർ ഒക്കെ നല്ലവരാണെന്നുള്ള കണക്കിൽ ലക്ഷ്മിയമ്മ ആണെങ്കിലും ശങ്കരൻമാമയാണെങ്കിലും ഒരുപാട് സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്,പൈസയാണെങ്കിലും സാധനങ്ങളാണെങ്കിലും എല്ലാം അവിടെയുള്ള എല്ലാവർക്കും അറിയാനും വഴിയുണ്ട്… ഇവരൊക്കെ വിചാരിച്ചാൽ മോഷണവും, അതിന്റെ മോളിലുള്ള കാര്യങ്ങളും നടക്കും… മനസ്സിലായോ..പണ്ടത്തെ കാലമല്ല, പണിയെടുത്തു പൈസ ഉണ്ടാക്കുന്നതിനേക്കാൾ സുഖായിട്ട് ഉണ്ടാക്കാൻ അറിയുന്ന ആളുകളും നമ്മുടെ നാട്ടിലുണ്ട്, അങ്ങനെ ഒരു നായിന്റെ മോനും ഇവിടുന്നു ഉണ്ടാക്കാൻ നിക്കരുതെന്നു എനിക്ക് നിർബന്ധമുണ്ട്…”
സിദ്ധു അവന്റെ ആശങ്കകൾ അവന് മനസിലാക്കി കൊടുത്തു…
” എടാ ഭയങ്കരാ… ഇങ്ങനൊരു അനുഭവത്തിൽ നിന്നും കള്ളവെടി വെക്കുന്നത് തെറ്റാണെന്നു പഠിക്കുന്നതിനു പകരം നീ ചിന്തിച്ചു കൂട്ടിയത് വല്ല്യേ വല്ല്യേ കാര്യങ്ങളാണല്ലോ.. ”
ചിന്നൻ സിദ്ധുവിനെ ആത്മാർഥമായി അഭിനന്ദിച്ചു…. സിദ്ധു അവന്റെ നർമ്മ സംസാരം കേട്ട് പൊട്ടിച്ചിരിച്ചു…
” പക്ഷെ…സിദ്ധപ്പാ …. ”
ചിന്നൻ സിദ്ധുവിന്റെ ശ്രദ്ധ ക്ഷണിച്ചു…
” ഒക്കെ ഞാൻ സമ്മതിച്ചു, പക്ഷെ കുഞ്ഞി ഇങ്ങനെയൊന്നും ചെയ്യൂല്ലടാ, എനിക്കറിയാലോ അവളെ… ഇവിടുത്തെ ഒന്നും അവൾ എന്നോട് പോലും പറയാറില്ല , പിന്നെയല്ലേ അവനോട്…. ആ കള്ളുകുടിയൻ പറയുന്നത് കേട്ട് നീ ഇതൊന്നും കാര്യമാക്കല്ലേ..”
ചിന്നൻ കളി വിട്ടു ഗൗരവത്തോടെ കുഞ്ഞിക്ക് നല്ല സെർട്ടിഫിക്കറ്റ് കൊടുത്തു…
” അങ്ങനെ ആണെങ്കിൽ അതാണെന്ന് നമുക്ക് കണ്ടുപിടിക്കണം,അതിനു ആദ്യം അപ്പുണ്ണിയെ കാര്യമായൊട്ടൊന്നു കണ്ടേക്കാം….”
സിദ്ധു ചിന്നന്റെ ഉറപ്പിനെ സംശയിക്കാതെ പറഞ്ഞു… ചിന്നൻ തലകുലുക്കി..
” അവൻ 6 മണി ആയാൽ കുന്നുംപുറം ഷാപ്പിൽ ഉണ്ടാവും, ഷാപ്പ് അടക്കണ വരെ അവിടെ അടിയോടടിയാവും…”
ചിന്നൻ നിസാരമായി പറഞ്ഞപ്പോൾ സിദ്ധു അത്ഭുതതോടെ ചിന്നനെ നോക്കി…
” നീ ഇത്ര ഡീറ്റൈൽ ആയിട്ട് പഠിച്ചോ അവനെ…. അന്ന് ചോദിച്ചപ്പോൾ പെട്ടെന്ന് ഓർമ വന്നില്ലല്ലോ ”
സിദ്ധുവിന്റെ ചോദ്യം കേട്ട് ചിന്നൻ പുച്ഛത്തോടെ മുഖം കോട്ടി…
” നീ ധന്യയുടെ പിന്നാലെ കൂടിയപ്പോ തന്നെ ഒരു സംഘട്ടനം പ്രതീക്ഷിച്ചു, അവന്റെ കാര്യങ്ങൾ ഞാൻ തന്നെ അറിയേണ്ടി വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അപ്പൊ അത് മുന്നേക്കൂട്ടി നോക്കിവെച്ചു.. ”
അവൻ അഭിമാനത്തോടെ പറഞ്ഞു ഞെളിഞ്ഞു നിന്നു..
” ശ്ശെടാ ഭീകരാ…….. നീ കൊള്ളാലോ പുള്ളി… എന്തായാലും ഇത് എന്നേക്കാൾ ഉപകാരപ്പെടാൻ പോവുന്നത് നിനക്കായിരിക്കും…”