ഉള്ളിൽ നിറയെ ആളുകൾ ഉണ്ട്, ചിന്നൻ പണി തുടങ്ങിയിട്ടുണ്ടാകണം… സിദ്ധു ഒരു ജനലിലൂടെ നോക്കിയപ്പോൾ ചിലരുടെ പുറംഭാഗമാണ് കണ്ടത് അത് കണ്ടപ്പോൾ അവൻ തിരിഞ്ഞു…
അടുക്കളയിൽ കൊണ്ടുപ്പിടിച്ച തിരക്കാണ്, പല മസാലകളുടെ മണം അവന്റെ മൂക്ക് കണ്ടുപ്പിടിച്ചു.., ബാക്ഗ്രൗണ്ടിൽ കള്ളിന്റെ മണം ഇടയ്ക്കിടെ പൊന്തി വരുന്നുണ്ട്….
ഷാപ്പിലെ ഫുഡിന് നല്ല രുചിയായിരിക്കും എന്ന് കേട്ടിട്ടുണ്ട്, ഒന്ന് പരീക്ഷിച്ചു നോക്കാം, അവൻ അടുക്കളയിൽ കണ്ട ഒരു സ്ത്രീയെ കൈകാട്ടി വിളിച്ചു…അവരോട് ഉള്ള സാധനങ്ങളുടെ ലിസ്റ്റ് ചോദിച്ചപ്പോ ചൂടുള്ള പോത്തുക്കറിയും കപ്പയും ഉണ്ടെന്നു മറുപടി കൊടുത്തു…
മറുപടി കേട്ടപ്പോൾ തന്നെ വായിൽ വെള്ളമൂറിയ സിദ്ധു ഒരെണ്ണം വാങ്ങി, അസാധ്യമായ രുചിയായിരുന്നു സംഭവം… ഒന്ന് പോരാതെ ഒരു ട്രിപ്പ് കൂടി കഴിച്ചാണ്
അവൻ തിരികെ സൈക്കിളിനു അരികിൽ എത്തിയത്… ഇതിപ്പോ പോത്തുക്കറിയും കപ്പക്കും വേണ്ടി ദിവസോം ഇവിടെ വരേണ്ടി വരുമോ എന്തോ…?
പോത്തിറച്ചി ചിറക്കൽ കയറ്റില്ല, കോഴി, താറാവ് ഇതൊക്കെ അവിടെത്തന്നെ ഉള്ളോണ്ടു ഇടയ്ക്കിടയ്ക്കും ആട്ടിറച്ചി മാസത്തിൽ ഒന്ന് രണ്ട് തവണ പുറത്തു നിന്നും വാങ്ങുന്ന പരിപാടിയാണ് അവിടെ ഉള്ളത്.., വല്ല കൃഷിസ്ഥലത്ത് കേറിയ പന്നിയെ കിട്ടിയാൽ നല്ലൊരു പങ്ക് ചിറക്കൽ എത്തും.. അതും അവനു ഒരുപാടു ഇഷ്ടമാണ്…ചുരുക്കം പറഞ്ഞാൽ എന്ത് കിട്ടിയാലും അവൻ തിന്നും, ചിറക്കൽ കിട്ടാത്തവ സിദ്ധുവിന് പുറത്ത് നിന്നു കഴിക്കുന്നതിനോട് അവർ ആരും എതിർ പറഞ്ഞിരുന്നില്ല…അവന് പച്ചക്കറിയെക്കാൾ ഇഷ്ടം മാംസഹാരങ്ങളായിരുന്നു…
ഓരോന്ന് ആലോചിച്ചിരിക്കുന്നതിനിടയിൽ ചിന്നൻ തിരികെ വന്നു….
” നീ ചവിട്ടുമോ…. ഞാൻ ഇരിക്കാം.. ”
വന്നപാടെ ചിന്നൻ ചാടികേറി പുറകിലിരുന്നു…
” അല്ല, അവനെ കൊണ്ടുവരാഞ്ഞതെന്താ…?നമുക്ക് കുറച്ചു കാര്യങ്ങൾ അറിയാനില്ലേ..? ”
സിദ്ധു അവനെ കുലുക്കി ചോദിച്ചു…അവനെ പൂസാക്കാൻ പോയിട്ട് ചിന്നനാണോ പൂസായത് എന്ന് അവൻ സംശയിച്ചു..പ്ലാൻ മാറ്റേണ്ടി വരുമോ..
” എല്ലാം അറിഞ്ഞു…. നീ ചവിട്ട്, വഴീല് എവിടേലും നിർത്തിയാൽ മതി.. ”
അവൻ കരയുന്ന പോലെ പറഞ്ഞ് കൊണ്ട് സിദ്ധുവിനെ തിരക്ക് കൂട്ടി….വേറെ വഴിയില്ലാത്തോണ്ട് സിദ്ധു സൈക്കിൾ ചവിട്ടി..
” സിദ്ധപ്പാ…. സംഗതി നീ പറഞ്ഞതാണ് സത്യം, ഇത് ഏറ്റവും ഉപകാരപ്പെട്ടത് എനിക്ക് തന്നെയാ… ”
അവൻ തളർന്ന ശബ്ദത്തിൽ പറഞ്ഞു…. സിദ്ധു സൈക്കിൾ ചവിട്ടൽ നിർത്തി..
” എന്താടാ….?? ”
അവൻ ചിന്നൻ ഇറങ്ങിയപ്പോൾ സൈക്കിൾ സ്റ്റാന്റിലിട്ടു…