” മോനെ ഇന്ന് ആ പെണ്ണ് വരില്ലെന്ന് പറഞ്ഞിരുന്നോ..? ”
സിദ്ധു ചോദ്യം പെട്ടെന്ന് മനസിലാകാതെ അവരുടെ മുഖത്തേക്ക് നോക്കി..
“ഇന്നലെ നെൽപുര വൃത്തിയാക്കാൻ വന്ന കുട്ടിയില്ലേ …..അവൾ പറഞ്ഞിരുന്നോ..? ”
ലക്ഷ്മിയമ്മ വ്യക്തമാക്കി ചോദിച്ചപ്പോളാണ് സിദ്ധുവിന് പെട്ടെന്ന് ഓർമ വന്നത്…
” ആ ആ കുട്ടിയോ… അതിന് ഇന്നലെ അത് കഴിഞ്ഞപ്പോളേക്കും ഒരു പനിക്കോളുണ്ടായിരുന്നു, ഞാനാണ് ഇന്ന് വരണ്ടാന്നു പറഞ്ഞത്… ലക്ഷ്മിയമ്മോട് പറയാൻ വിട്ടുപോയി.. ”
സ്വയം തലയിൽ കൊട്ടിക്കൊണ്ട് സിദ്ധു പറഞ്ഞു..
” ആണോ….? ഇന്ന് ആ കുരുമുളകൊക്കെ തോണ്ടി കളഞ്ഞു ചാക്കിൽ കെട്ടി വെയ്ക്കാന്നു പറഞ്ഞേരുന്നു അവൾ…. ഇന്നലെ നിങ്ങൾ ഒപ്പം ഉണ്ടായിരുന്നോണ്ട് വല്ലോം പറഞ്ഞോ എന്നറിയാൻ വേണ്ടി ചോയ്ച്ചതാ.. ”
ലക്ഷ്മിയമ്മ അവനുള്ള ഭക്ഷണം വിളമ്പികൊണ്ട് പറഞ്ഞു….
“പോട്ടെ ലക്ഷ്മിയമ്മേ , നാളെ ചെയ്തോളും….. വയ്യാന്നു പറയുമ്പോ വേറെന്തു ചെയ്യാൻ….? ”
സിദ്ധു മുഖത്ത് വിരിഞ്ഞ നിസ്സഹായതയോടെ പറഞ്ഞു….
” എയ്….അത് പ്രശ്നമല്ല…. ഞാൻ ചുമ്മാ അറിയാൻ ചോയ്ച്ചതാ… ”
ലക്ഷ്മി അമ്മ അവന്റെ തലമുടിയിൽ സ്നേഹത്തോടെ തഴുകികൊണ്ട് പറഞ്ഞു…
സിദ്ധു ഭക്ഷണം കഴിക്കുമ്പോളെല്ലാം ചിന്തയിലാണ്ടു പോയി..ധന്യ വരാത്തത് കൊണ്ട് ന്തേലും തരത്തിലുള്ള സംസാരം ഇവിടെ ഉണ്ടായോ എന്നായിരുന്നു അവന്റെ സംശയം.. കുഞ്ഞി പാര വെക്കാനുള്ള ചാൻസ് കൂടുതലാണല്ലോ..
സിതാരയുടെ അടുത്തെങ്ങാനും ഇതിന്റെ പാരയുമായി ചെല്ലുമോ എന്തോ… അവർക്കൊക്കെ എന്തെങ്കിലും കിട്ടിയാൽ പിന്നെ അത് മതി സ്വൈര്യം പോവാൻ..
ഭക്ഷണം കഴിഞ്ഞു സിദ്ധു പുറത്തോട്ടിറങ്ങി.. അവൻ തഞ്ചത്തിൽ കുഞ്ഞിയെ നിരീക്ഷിച്ചു… കണ്ടാൽ എന്തൊരു പാവം.. നിൽപ്പിലും നടപ്പിലും ചെയ്തികളിലും എല്ലാം ഒരു പക്വത തോന്നിക്കും, പക്ഷെ ഉള്ളിൽ ഉള്ളത് വിഷമാണ്…
ആ വിഷത്തിനുള്ള മറു മരുന്ന് കയ്യിലുണ്ട് മോളെ, ആവശ്യ സമയത്ത് തന്നേക്കാം…. സിദ്ധു മനസ്സിൽ കണക്കുകൾ കൂട്ടി..
അന്ന് ഉച്ചയോടു ചേർന്നു അവൻ പറഞ്ഞ കണക്കിന് ഒരു ജീപ്പുമായി രണ്ടുപേർ എത്തി, അവന്റെ ബോക്സിങ് ആശാന്റെ പരിചയക്കാരായിരുന്നു, സിദ്ധുവിന്റെ താൽപ്പര്യത്തിന് ചേർന്ന വണ്ടി കിട്ടാൻ വന്ന താമസം അവനെ അവർ ബോധിപ്പിച്ചു…
വണ്ടി സിദ്ദുവിനു ഇഷ്ടമായി, ഓഫ്‌റോഡ് സംവിധാനമുള്ള കട്ട് ചെയ്‌സ് ജീപ്പ്, അവൻ മനസ്സിൽ കണ്ട രീതിക്കുള്ള ഒരു മുതൽ ആയിരുന്നു..
അവന്റെ നാട്ടിലെ ഇന്ധന സംവിധാനം കുറവായതിനാൽ ഫുൾ ടാങ്ക് അടിച്ചു ഒരു ബാരലിൽ സ്റ്റോർ ചെയ്യുകയും ചെയ്താണ് അവർ വന്നത്…വണ്ടിയെ കുറിച്ചുള്ള ധാരണ കൊടുക്കുമ്പോൾ തന്നെ അവൻ ആശാനോട് ഈ കാര്യം കൂടി സൂചിപ്പിച്ചിരുന്നു…എല്ലാം കൊണ്ടും സംഗതി ജോറായി..