അതുകൊണ്ട് തന്നെ പറഞ്ഞതിനേക്കാൾ വില കൊടുത്ത്, ഉച്ച ഭക്ഷണവും കൊടുത്ത് അവരെ സന്തോഷത്തോടെ അവ യാത്രയയച്ചു…
ആദ്യത്തെ ഓട്ടം രണ്ടര കിലോമീറ്റർ അപ്പുറമുള്ള ബസ്റ്റോപ്പിലേക്ക് ആയിരുന്നു, അവിടെ നിന്നും അവരെ ബസ് കയറ്റി അയച്ചതിനു ശേഷമാണ് തിരികെ പോന്നത്…
ഡ്രൈവിംഗ് പഠിച്ച ശേഷം ഇടക്ക് കിട്ടുന്ന വണ്ടികൾ ഓടിച്ചു സിദ്ധു ഡ്രൈവിംഗ് ഒന്ന് കൂടി വശമാക്കിയിരുന്നു… സ്വന്തം വണ്ടി എന്നൊരു ധൈര്യം കൂടി വന്നപ്പോൾ കുറച്ചു പരുക്കനായ തന്റെ സാരഥിയെ കുറച്ചു നേരത്തെ ഓട്ടത്തിലൂടെ അവൻ മെരുക്കിയെടുത്തു..
സിദ്ധു ഓടിക്കുന്നതിനോട് ആദ്യമൊക്കെ പേടിയുണ്ടായിരുന്നെങ്കിലും ലക്ഷ്മിയമ്മക്കും ശങ്കരനും ഒരുപാട് സന്തോഷം തോന്നി… പിച്ച വെച്ച നാൾ തൊട്ടു നോക്കിവളർത്തിയ പയ്യൻ വലിയൊരു ആളായി മാറുന്നത് അവർ ആത്മസംതൃപ്തിയോടെ മനസിലാക്കി… നീതു സന്തോഷത്തോടെ വണ്ടിക്ക് വട്ടമിട്ടു തുള്ളിചാടുമ്പോൾ സിതാര മനസ് നിറഞ്ഞ പുഞ്ചിരിയോടെ പടിയിൽ ഇരുന്നു
തിരക്കെല്ലാം തീർന്ന ശേഷം അവർ നാലുപേരെയും കൊണ്ട് സിദ്ധു ഒന്ന് കറങ്ങി വന്നു..
വണ്ടി വാങ്ങിയത് കാണാൻ ജോലിക്കാർ എല്ലാവരും വന്നു, സിദ്ധു എങ്ങോട്ടോ പോകുന്നു എന്നൊരു വാർത്ത മുന്നേ തന്നെ പരന്നിരുന്നതിനാൽ വണ്ടി കൂടി വന്നതോടെ സിദ്ധു ഉടനെ പോകാൻ സാധ്യതയുണ്ടെന്നു അവർ മനസിലാക്കി..
വൈകീട്ട് കുളത്തിൽ പോയെങ്കിലും നീന്താൻ അവന് തോന്നിയില്ല.. കുളത്തിന്റെ അവസാന പടിയിൽ ഇരുന്നു വെള്ളത്തിലേക്ക് കാൽ ഇട്ട്
മീനുകൾക്ക് അവൻ ചെറിയൊരു പണി കൊടുത്തു… അവ കാലിൽ ഇക്കിളി ഇടുന്നത് ആസ്വദിച്ചു ഒരു മൂളിപ്പാട്ടും പാടി അവൻ തൊട്ടു മുകളിലെ പടിയിലേക്ക് കണ്ണടച്ച് ചാഞ്ഞു..
വണ്ടി വന്ന സ്ഥിതിക്ക് ഇനി പോവാനുള്ള കാര്യങ്ങൾ നോക്കണം, പോവുന്നതിനു പറ്റി ചിന്തിക്കുമ്പോൾ എന്തോ ഒരു മിസ്സിംഗ് ഉണ്ട്.. ഇവിടം വല്ലാണ്ട് ഇഷ്ടപ്പെട്ട് വരികയായിരുന്നു…എത്ര ആയാലും സ്വന്തം നാട് തരുന്ന ഫീൽ വേറെയാണ്… പിന്നെ ഈ പോക്ക് എന്തിലേക്കുള്ളതാണെന്നു പിടി ഇല്ലാത്തതുകൊണ്ട് ഉള്ളൊരു തരിപ്പ് വേറെ..
തിരിച്ചു വരുമായിരിക്കും എന്നേ ഇക്കാര്യത്തിൽ അറിയൂ , പക്ഷെ ഒരു കാര്യം അവന് ഉറപ്പായിരുന്നു, അഥവാ ഒരു തിരിച്ചു വരവുണ്ടെങ്കിൽ അത് ഒരു സാധാരണ സിദ്ധുവായിട്ടായിരിക്കില്ല എന്നത്..
അരികിൽ ഒരു കൊലുസിന്റെ ശബ്ദം പതിയെ അടുത്ത് വരുന്നത് കണ്ണുകൾ തുറക്കാതെ തന്നെ സിദ്ധു അറിഞ്ഞു… ഓരോ പടിയും ഇറങ്ങി ആ ശബ്ദം താൻ തല വെച്ച് കിടക്കുന്ന പടിയിൽ നിന്നപ്പോളും അവൻ കണ്ണുകൾ തുറന്നില്ല…
” സിദ്ധുവേട്ടാ… ”
പതിഞ്ഞ വിളി, സിദ്ധു ശ്രദ്ധിക്കാതെ അതേ കിടപ്പ് തുടർന്നു…രണ്ട് കൈ കൊണ്ടും പൊക്കി പിടിച്ചുവന്ന പാവാട അവൾ വിട്ടു ഊരക്ക് മുട്ട് കൊടുത്ത് നിന്നു…