മഹാ തന്ത്ര ശാലിയായ റിതിൻ അവനിരുന്നിരുന്ന കസേര നീക്കി അവളുടെ മുൻപിൽ നിന്ന് മാറിയിരുന്ന് പുറത്തേക്കുള്ള കാഴ്ചയിലേക്ക് ദൃഷ്ടി പതിപ്പിച്ചു. ആ നീക്കം അവൾക്ക് ആശയക്കുഴപ്പമുണ്ടാക്കി. എന്താണോ അറിയിക്കേണ്ട എന്ന് കരുതിയത് എന്താണോ റിതിന്റെ മുൻപിൽ ശ്രീ വിലക്കിയിരുന്നത് അതൊക്കെ ഇപ്പോൾ തന്റെ വായിൽ നിന്ന് തന്നെ റിതിൻ അറിഞ്ഞു. ഇനി ഒന്നും ചെയ്യാനില്ല. എല്ലാം കൈവിട്ടു പോയി.
“ഏട്ടാ…” അവളവനെ വിളിച്ചു.
“മ്മ്..”
“എന്താ ഒന്നും മിണ്ടാത്തെ..?”
“ഇതൊക്കെ നീയെന്നിൽ നിന്ന് മറച്ചു പിടിച്ചത് ഓർക്കുകയായിരുന്നു.”
അവനവളെ നോക്കാതെയാണ് മറുപടി കൊടുത്തത്.
“അത് പിന്നെ.. എനിക്കെങ്ങനെയാ അതൊക്കെ പറയാനാവുക..?”
“എന്തേ..? ഞാനല്ലേ അവന്റെയാ സ്വഭാവം നിനക്ക് മനസിലാക്കി തന്നത്..?”
അവളൊന്നും മിണ്ടിയില്ല.
“പറയ് ആമി. എന്തിനാ മറച്ചു വച്ചത്.. അവൻ പറഞ്ഞോ..?”
“ഇല്ല.. ഇല്ല…”
“പിന്നെന്താ..?”
“അത്.. ഞാൻ പേടിച്ചിട്ടാ..”
“എന്ത് പേടി..?”
“ഏട്ടനെന്റെ മേലേ അധിക സ്വാതന്ത്ര്യം കാണിക്കുമോ എന്ന് വച്ചിട്ട്…”
“ഓഹോ..! നിനക്ക് എന്നെ ഇഷ്ടമല്ല അതങ്ങു തുറന്ന് പറഞ്ഞാൽ പോരെ..”
“ശ്ഹ്.. ഏട്ടാ അങ്ങനെയല്ല..ശ്രീയുടെ മുന്നിൽ വച്ച് ഏട്ടനങ്ങനെ പെരുമാറിയാലോ എന്ന് ഞാൻ വിചാരിച്ചു.”
“നല്ല ന്യായം.. നിന്നോട് സംസാരിച്ചാൽ ശെരിയാകില്ല.. നമ്മുക്ക് പോകാം..”
അതും പറഞ്ഞവൻ എഴുന്നേറ്റു.
“ഏട്ടാ…”
അവളും എഴുന്നേറ്റ് അവനെ തടയും വിധം മുന്നിൽ നിന്നു.
“ഞാനങ്ങനെ വിചാരിച്ചു പോയി. ക്ഷമിക്ക്..”
കലങ്ങിയ കണ്ണുകളുമായി അധിക നേരം അവനിൽ നോട്ടമുറപ്പിക്കാൻ അവൾക്കായില്ല. കൊഞ്ചലോട് കൂടി മുഖം താഴ്ന്നു. അവളുടെ സീമന്ത രേഖയിലെ സിന്ദൂരത്തിലും നീണ്ടു വളർന്ന കൺപീലികളുമാണ് അവന്റെ നോട്ടം പതിഞ്ഞത്. ചെറിയൊരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു.