എന്ന് പറഞ്ഞ് ടോണി, മേശക്കടിയിൽ വെച്ച വലിയ ബാഗെടുത്ത് നാൻസിയുടെ മുറിയിലേക്ക് കയറി. അവൻ വരുന്നത് കണ്ട് അവൾ പിടഞ്ഞെഴുന്നേറ്റ് ഒരു മൂലയിൽ ഒതുങ്ങി നിന്നു. കറിയാച്ചനും മുറിയിലേക്ക് കയറി.
“ കറിയാച്ചാ.. ആ വാതിലങ്ങടച്ചേക്ക്…”
കറിയാച്ചൻ ഒന്നും മനസിലാകാതെ വാതിൽ ചേർത്തടച്ചു. ചുവരിൽ ചാരി നിന്ന നാൻസിക്കും ഒന്നും മനസിലായില്ല.
ടോണി ബാഗെടുത്ത് കട്ടിലിൽ വെച്ചു.
“ കറിയാച്ചാ.. എന്റെ കയ്യിൽ കുറച്ച് കാശുണ്ട്.. ഇത് കറിയാച്ചൻ ഇവിടെ സൂക്ഷിക്കണം.. ഞാൻ ചോദിക്കുമ്പോ കുറേശെ തന്നാൽ മതി.. നമ്മുടെ കട തുടങ്ങുന്ന ആവശ്യത്തിനുള്ളതാ.. ‘
“” അതിനെന്താടോണിച്ചാ,.. ഇവിടെ വെക്കാം… “
കറിയാച്ചൻ സന്തോഷത്തോടെ പറഞ്ഞു. ടോണി പണം തന്നെ വിശ്വസിച്ചേൽപ്പിക്കുന്നു എന്നത് ഒരഭിമാനമായി അയാൾക്ക് തോന്നി.
ടോണി ബാഗിന്റെ സിബ്ബ് തുറന്ന് കട്ടിലിലേക്ക് കുടഞ്ഞിട്ടു.
ഞെട്ടി വിറച്ചു പോയ കറിയാച്ചൻ വീഴാതിരിക്കാനായി മേശയിൽ പിടിച്ച് നിന്നു. നാൻസിക്കും അത് വിശ്വസിക്കാനായില്ല. രണ്ട് പേരും ജീവിതത്തിൽ ഇത്തരം ഒരു കാഴ്ച നേരിട്ട് കണ്ടിട്ടില്ല..
നോട്ടിന്റെ പത്തിരുപത് വലിയ കെട്ടുകൾ… അത് കട്ടിലിൽ ചെറിയൊരു കൂമ്പാരമായി കിടക്കുകയാണ്.. കറിയാച്ചൻ കിതച്ച് കൊണ്ട് ടോണിയെ നോക്കി.
“”ടോണീ ഇത്.. ഇത്…”
പേടിയോടെ അയാൾ ആ നോട്ട് കെട്ടിന്
നേരെ തുറിച്ച് നോക്കി.
കുറച്ച് പൈസ എന്ന് പറഞ്ഞപ്പോൾ ആ പാവം കരുതിയത് പത്തോ, പതിനായിരമോ രൂപയുണ്ടാകും എന്നാണ്. അത്രയൊക്കെ അയാൾ ഇത് വരെ നേരിട്ട് കണ്ടിട്ടുള്ളൂ..