“ മാത്തുക്കുട്ടീ.. ഇവിടെ വേറെ വല്ല മൃഗങ്ങളുമുണ്ടോ..?””
“” കാര്യമായിട്ട് ഈ കുരങ്ങുകൾ തന്നെ.. പിന്നെ മാനും, മയിലും, പന്നിയുമൊക്കെയുണ്ട്.. ചില വന്യമൃഗ ളും കാട്ടിനുള്ളിലുണ്ട്…””
നടക്കുമ്പോൾ ടോണി, മാത്തുക്കുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു. ഏകദേശം ഇരുപത്തഞ്ച് വയസ് തോന്നിക്കുന്ന ഊജ്ജസ്വലനായ ഒരു ചെറുപ്പക്കാരൻ. ചെറുപ്പത്തിൽ തന്നെ അവനേയും, അവന്റെ അമ്മച്ചിയേയും തനിച്ചാക്കി, അപ്പൻ പമ്പ് കടിയേറ്റ് മരിച്ചു. അമ്മച്ചി ശോശാമ്മ വളരെ കഷ്ടപ്പെട്ടാണ് പിന്നെ അവനെ വളർത്തിയത്.
പക്ഷേ.. പണിയെടുക്കാനുള്ള പ്രായമാവുന്നതിന് മുൻപ് തന്നെ, അവൻ അമ്മച്ചിയെ വീട്ടിലിരുത്തി പണിക്കിറങ്ങി. ഒരു ദു:സ്വഭാവവുമില്ല.ഇതെല്ലാം സേവ്യറച്ചൻ പറഞ്ഞുള്ള അറിവാണ് .
മാത്തുകുട്ടിയോട് ബഹുമാനം തോന്നി ടോണിക്ക്..
അവൻ പോക്കറ്റിൽ നിന്നും ഒരു സിഗററ്റെടുത്ത് കത്തിച്ചു. ഒന്ന് മാത്തുക്കുട്ടിക്ക് നേരെയും നീട്ടി. മാത്തുക്കുട്ടിയത് വാങ്ങിയില്ല. ടോണി ഒരു പുകയെടുത്ത് മാത്തുക്കുട്ടിയെ നോക്കി.
“മാത്തുക്കുട്ടീ.. നീ കാര്യങ്ങളെല്ലാം അറിഞ്ഞല്ലോ… ? എന്താണ് നിന്റെ അഭിപ്രായം…? ഞാനീ കാര്യത്തിൽ ആരുടേയും അഭിപ്രായം ചോദിച്ചിട്ടില്ല.അച്ചനോടും, മത്തായിച്ച നോടുമൊക്കെ കാര്യം പറഞ്ഞെന്നേയുള്ളൂ.. നിന്നോട് മാത്രമേ എനിക്ക് അഭിപ്രായം ചോദിക്കാനുള്ളൂ.. കാരണം, ഈ നാടിനെ പറ്റിയും, ഇവിടുത്തെ ആൾക്കാരുടെസ്വഭാവത്തെ പറ്റിയും നിനക്ക് നന്നായിട്ടറിയാം..
അത് കൊണ്ട് നീ പറ…
ഇതിവിടെ നടക്കുമോ… ?””