“” ചേട്ടാ… രാവിലെ പണിക്കാർ വരും.. അതിന് മുൻപ് അവിടെയൊന്ന് വൃത്തിയാക്കണം… കത്തിയോ, കൈക്കോട്ടോ ഉണ്ടോ ചേട്ടാ.. ‘ ?
“” എന്തിനാടോണീ ഇനി കത്തിയും, കൈകോട്ടുമൊക്കെ.. നീ അങ്ങോട്ടൊന്ന് നോക്കിയേ… നിന്റെ പട്ടാളം പണി തുടങ്ങി.. “
ഒന്നും മനസിലാകാതെ പുറത്തിറങ്ങി നോക്കിയ ടോണി അന്തംവിട്ട് പോയി.
മാത്തുക്കുട്ടിയും, സുനിക്കുട്ടനും, ഷസുവും തകൃതിയായ പണിയിലാണ്. വേറെ ചിലരുമുണ്ട്…
മാത്തുക്കുട്ടി, കത്തികൊണ്ട് കാടൊക്കെ വെട്ടിത്തെളിക്കുകയാണ്.. ഷംസുവും സുനിക്കുട്ടനും, കൈകോട്ട് കൊണ്ട് പുല്ല് ചെത്തുന്നു.
അവരുടെ ആത്മാർത്ഥത അവന് ശരിക്കും ഇഷ്ടമായി.
കറിയാച്ചന്റെയാ പ്രയോഗം ടോണിപ്രത്യേകം ശ്രദ്ധിച്ചു.
‘നിന്റെ പട്ടാളം’
അതെ… മണിമലയിൽ ഇവരാണിനി തന്റെ പട്ടാളം.. എന്തിനും ഏതിനും ഇവർ തന്റെ കൂടെയുണ്ടാവും..
ടോണി അവർക്കടുത്തേക്ക് ചെന്നു.
“”ടോണിച്ചാ.. എങ്ങിനെയാ വേണ്ടതെന്ന് പറഞ്ഞാൽ മതി…. ഇതൊക്കെ ഞങ്ങൾ റെഡിയാക്കിക്കോളാം…”
ടോണിയെ കണ്ട് സുനിക്കുട്ടൻ പറഞ്ഞു.
“സുനിക്കുട്ടാ.. നമുക്ക് നാല് ചുറ്റും കയറ് കെട്ടണം.. കയറിന് എന്ത് ചെയ്യും മാത്തുക്കുട്ടീ.. അത് നമ്മൾ വാങ്ങിയില്ലല്ലേ… “
അത് കേട്ട്, അവരുടെ പണി നോക്കി നിൽക്കുകയായിരുന്ന പടവ് കാരൻ തങ്കച്ചൻ പറഞ്ഞു.
“”ടോണിച്ചാ.. കയറ് എന്റെ വണ്ടിയിലുണ്ടാവും.. ഞാനൊന്ന് നോക്കട്ടെ… “
തൊട്ടടുത്ത് നിർത്തിയിട്ട തങ്കച്ചന്റെബൈക്കിലെ സൈഡ് ബോക്സ് തുറന്ന്, ഒരു ടേപ്പും, കുറച്ച് കയറും എടുത്ത് വന്നു.
താൻ ഉദ്ദേശിച്ച സ്ഥലം ടോണി, തങ്കച്ചന് കാട്ടിക്കൊടുത്തു.അപ്പോഴേക്കും, കറിയാച്ചന്റെ വിറകിൽ നിന്നും നാലഞ്ച് കഷ്ണമെടുത്ത്, അറ്റം കൂർപ്പിച്ച് നാണുവാശാൻ കൊണ്ടുവന്നു.
ഒരു കുറ്റിയെടുത്ത് ടോണിക്ക് കൊടുത്തു കൊണ്ട് തങ്കച്ചൻ പറഞ്ഞു.