പെട്ടെന്ന് ഷംസു ബൈക്കിന്റെ സ്പീട് കുറച്ചു.
ഇന്ന് മാത്രം പരിചയപ്പെട്ട ടോണിച്ചൻ അതിന് തയ്യാറാവുമോ എന്നൊരു ശങ്ക അവനുണ്ടായി.. താൻ കൊതിച്ചതെല്ലാം വെറുതേയാവുമോ.. ?
ഏതായാലും ഇത്ത സമ്മതിച്ചല്ലോ.. ടോണിച്ചനെ കൊണ്ടും താനിത് സമ്മതിപ്പിക്കും.. കാരണം ഇത് തന്റെ ആവശ്യമാണ്.. അടങ്ങാത്ത ആഗ്രഹവും…
=============================
സാധനം കയറ്റിയ വണ്ടി വരുന്നതും കാത്തിരിക്കുകയാണ് ടോണിച്ചനും, മാത്തുക്കുട്ടിയും.. സുനിക്കുട്ടനും വേറെ ചിലരും സഹായിക്കാൻ തയ്യാറായി നിൽപുണ്ട്. റോഡിന്റെ മറുവശത്തുള്ള ഇരിപ്പിടത്തിൽ ഇരിക്കുകയാണ് ടോണി. വേറെ മൂന്നാല് ആളുകളുമുണ്ട്.
ആർക്കും ഒരു അപരിചിതത്വവുമില്ലാതെ, തന്നെ അവരിലൊരാളായി അംഗീകരിച്ചത് പോലെയാണ് എല്ലാവരുടേയും പെരുമാറ്റം.
ആരും തന്റെ ചരിത്രമോ, ഭൂതകാലമോ ചോദിക്കുന്നില്ല എന്ന് ടോണിപ്രത്യേകംശ്രദ്ധിച്ചു. കാരണം അവരെല്ലാവരും പല കാലങ്ങളിലായി ഇങ്ങോട്ട് കുടിയേറിയവരാണ്.അത് കൊണ്ട് തന്നെ ടോണിയെ അവരിലൊരാളായി കാണാൻ അവർക്ക് ഒട്ടും പ്രയാസമുണ്ടായില്ല.
“”ടോണിച്ചാ.. എന്നാ കട തുടങ്ങുന്നത്..?
രഞ്ജി പണിക്കർ ഉൽസാഹത്തോടെ ചോദിച്ചു.
വീട്ടുകാർ അവനിട്ട പേര് രഞ്ജിത്ത് എന്നാണെങ്കിലും,അവൻ സ്വയം അവനെ വിളിക്കുന്നത് രഞ്ജിപണിക്കർ എന്നാണ്.രഞ്‌ജി പണിക്കർ സിനിമ കളുടെ ഒരു ആരാധകനാണവൻ.
“” എടാ ചെക്കാ..അതൊക്കെ സമയമാകുമ്പോൾ നടക്കും.. നീ തോക്കിൽ കയറി വെടി വെക്കല്ലേ…”
കൂട്ടത്തിൽ പ്രായമുള്ള നാണുവാശാൻ പറഞ്ഞു.
പ്രായമുണ്ടെങ്കിലും നാട്ടിലെ ചെറുപ്പക്കാരുമായാണ് ആശാന് ചങ്ങാത്തം.
കുറച്ച് നേരം അവരുടെ രസകരമായ സംസാരം കേട്ട് ടോണിയിരുന്നു.