മൂന്നു തവണ വലം വച്ച അവരോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു, സോഫയിൽ ഇരുത്തി . പാലെടുത്തു റാഫിയുടെ കയ്യിൽ നൽകി , പകുതി കുടിച്ചിട്ട് റാഫി അവൾക്ക് നീട്ടി, അവൾ ചെറിയ നാണത്തോടെ ആ ഗ്ലാസ് വാങ്ങി ബാക്കി പാലിൽ ഒരിറക്ക് കുടിച്ചിട്ട് ടീപോയിലേക്ക് ഗ്ലാസ് വച്ചു.
” അത് പറ്റില്ല മുഴുവൻ കുടിച്ചേ പറ്റൂ ” ഹരി ചിരിയോടെ പറഞ്ഞു കൊണ്ട് വീണ്ടും ഗ്ലാസ് എടുത്തു അവളുടെ കയ്യിൽ നൽകി , അത് വാങ്ങി അവൾ ബാക്കി പാല് കൂടി കുടിച്ചിട്ട് ടീപോയിലേക്ക് വച്ചിട്ട് ഒരു കപട ദേഷ്യത്തിൽ ഹരിയെ നോക്കി, അത് കണ്ടു അവൻ ചിരിക്കുന്നത് കണ്ടു പതിയെ അവളും പുഞ്ചിരിച്ചു. പിന്നെ ഹരി ഒരു പഴം എടുത്തു റാഫിയുടെ കയ്യിൽ നൽകി .
” അത് പറ്റില്ല ,കടിച്ചു കഴിക്കണം ” റാഫി അത് വാങ്ങി തൊലി ഉരിച്ചു പകുതി മുറിച്ചെടുക്കാൻ നോക്കുന്നത് കണ്ടു ഹരി പറഞ്ഞു . അത് കേട്ട് പുഞ്ചിരിയോടെ റാഫി പഴത്തിന്റെ ഒരു ഭാഗം കടിച്ചെടുത്തു ശേഷം ബാക്കി അവൾക്ക് നീട്ടി, അവൾ അത് വാങ്ങി തൊലി മുഴുവനായും മാറ്റി ആ പഴം വായിലാക്കി കഴിച്ചു.കല്യാണ ഡ്രെസ്സിൽ പുതു ദമ്പതികളുടെ ഫോട്ടോകൾ പല പോസിൽ ഹരി ഫോണിൽ എടുത്തു.
” അങ്ങനെ ചടങ്ങു കഴിഞ്ഞു , കല്യാണം ആഗ്രഹിച്ച ആൾക്ക് ഓക്കേ അല്ലെ ” ഹരി ചോദിച്ചപ്പോൾ രണ്ടാളും നിറഞ്ഞ പുഞ്ചിരിയോടെ അവനെ നോക്കി, റാഫി പറയാതെ തന്നെ അവനു സന്തോഷം ആയി എന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു .
” ദാ ഇത്രേ ഉള്ളു കാര്യം , ഒരു കല്യാണം കഴിക്കാൻ എത്ര കാലമായി ഞാൻ പറയുന്നതാണ് , നേരത്തെ ഒരു പെണ്ണ് കെട്ടികൂടായിരുന്നോ ” തമാശ പോലെ ഹരി ചോദിച്ചു