പിന്നെ അവസാനത്തെയടവെടുക്കാതെ മറ്റുമാർഗ്ഗമില്ലായ്രുന്നു…
ഓടിച്ചെന്നവളെ പിന്നീന്നു കെട്ടിപ്പിടിച്ചൊരു കരച്ചിലങ്ങു പാസ്സാക്കി…
അക്കൂട്ടത്തിൽ,
അച്ഛനോട് നടന്നതൊന്നും പറയരുതെന്നും അച്ഛനറിഞ്ഞാൽ തല്ലുമെന്നുമൊക്കെ എണ്ണിയെണ്ണി പറഞ്ഞു…
എന്തായാലുമതേറ്റു, ആദ്യമൊക്കെ ബലംപിടിച്ചെങ്കിലും ആരോടും പറയില്ലെന്നുറപ്പു പറഞ്ഞിട്ടാണ് ഞാങ്കരച്ചിലും കെട്ടിപ്പിടുത്തവും നിർത്തിയത്…
അവളുടെയുറപ്പു കിട്ടിയതും സ്വിച്ചിട്ടപ്പോലെ കരച്ചിലുംനിന്നു…
അതോടെയവളെന്നെ സംശയത്തോടെയൊന്നു നോക്കി;
“”…കള്ളക്കരച്ചിലാരുന്നോടാ..??”””
“”…ങ്ഹൂം.! സത്യായ്ട്ടും അച്ഛനറിഞ്ഞാലെന്നെ തല്ലും..!!”””_ ഞാൻ നിസ്സഹായനായി മറുപടികൊടുത്തതും,
“”…അത്രയ്ക്കു പേടിയുള്ളോരെന്തിനാ കടിയ്ക്കാമ്പോയേ..?? പിന്നെന്റെ വേദനയിപ്പോഴും മാറീട്ടില്ലാട്ടോ… അങ്കിളിനോടുപറഞ്ഞു രണ്ടെണ്ണം മേടിച്ചുതരുവാ വേണ്ടത്..!!”””_ അവളൊരു പുഞ്ചിരിയോടെ പറഞ്ഞു…
അതുകേട്ടതും ഞാൻ വീണ്ടുമൊന്നു ഞെട്ടി;
…ഇവളിനി വാക്കുമാറുമോ..?? മാറിയാലിന്നെന്റെ പുറംപൊളിയും.!
പണ്ടിങ്ങനെ അമ്മേക്കടിച്ചതിന് അച്ഛന്തല്ലിയതിന്റെ പാട് രണ്ടുദിവസം തൊടേലുണ്ടായ്രുന്നു…
ആഓർമ്മ മനസ്സിലേയ്ക്കു തികട്ടിവന്നതും ഞാനൊരു സന്ധി സംഭാഷണത്തിനൊരുങ്ങി…
സാധാരണ കടിവെച്ചു കൊടുക്കുമ്പോളമ്മയോടും ചേച്ചിയോടും കാണിക്കുന്ന അതേയടവ്, അല്ലെങ്കിൽ മറ്റാർക്കുമിതേവരെ പറഞ്ഞു കൊടുക്കാത്തയെന്റെയാ ഭീകര മെഡിസിൻ മീനാക്ഷിയ്ക്കും കൊടുക്കാൻ ഞാൻ തീരുമാനിച്ചു…