അമ്മ ഇറങ്ങി കഴിഞ്ഞപ്പോൾ അവൾ എന്നോട് ചോദിച്ചു
നീ ചോറ് കഴിച്ചോട്ടല്ലേ പോവുന്നുള്ളു???
അല്ല ഞാൻ ഇപ്പൊ തന്നെ ഇറങ്ങും അത്രേം നേരം ഒന്നും എനിക്ക് നിൽക്കാൻ സമയമില്ല. എനിക്ക് അവിടെ നേരത്തെ എത്തണം.
നീ എവിടേക്കും പോണില്ല അവിടെ പോയിട്ടെന്തിനാ കണ്ണന്റെ പണി കഴിയാൻ 6 മണി ആവും. ഞാൻ അവനെ വിളിച്ചിരുന്നു. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് പോയാമതി…നീ അകത്തേക്കു വാ ഞാൻ ഇതൊന്ന് കൊണ്ട് വെച്ചിട്ട് വരാം…
അതും പറഞ്ഞു കൊണ്ട് അവൾ പാത്രങ്ങളും എടുത്തുകൊണ്ടു അടുക്കളയിലേക്ക് പോയി.കുറച്ചു കഴിഞ്ഞപ്പോൾ അവൾ തിരികെ എന്റെ അടുത്തേക്ക് വന്നു.
എടാ ഇന്ന് രാവിലെ അമ്മ വിളിച്ചിരുന്നു നിന്റെ കാര്യം പറഞ്ഞ് കരച്ചിൽ തന്നെ ആയിരുന്നു. നീ പണിക്ക് പോവാത്തത് ലോണും അടവും ഒക്കെ കൂടി മടുത്തിട്ടാ എന്നൊക്കെ പറഞ്ഞു കുറെ കരഞ്ഞു. നീ ഇപ്പൊ പഴേ പോലെ അല്ല ആ കളിയും ചിരിയും ഒക്കെ മാറി വേറെ എന്തോ പറ്റിയിട്ടുണ്ട് എന്നൊക്കെ എന്നെ വിളിച്ച് പറഞ്ഞു.
നീ എന്തിനാ ഇങ്ങനെ എല്ലാം കാണിക്കുന്നേ നവി. നിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാത്തത് കൊണ്ടല്ല. കഴിഞ്ഞ കാര്യങ്ങൾ അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുന്നതുമല്ല. പക്ഷെ അതെല്ലാം നീ മറന്നേ പറ്റു നിനക്കിനിയും ജീവിതം ബാക്കി ഉണ്ട്. അത് നീ മറക്കരുത്….
എടീ എനിക്കെന്താ ചെയ്യണ്ടേ എന്നറിയില്ല. എനിക്ക് പറ്റുന്നില്ല. ജോലിക്ക് പോവാൻ തോന്നുന്നില്ല ഞാൻ രണ്ട് മൂന്നു തവണ പോയതാ എന്നാ സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ ഞാൻ വേറെ എന്തൊക്കെയോ ആവുകയാണ്.