ഗെയ്റ്റടച്ചു ലോക്ക്ചെയ്തശേഷം തോളിൽകിടന്ന ഹാൻഡ്ബാഗൊന്നുകൂടി അഡ്ജസ്റ്റുചെയ്തിട്ട് വണ്ടിയ്ക്കടുത്തേയ്ക്കു വരുമ്പോൾ അവളുടെ ഉണ്ടക്കണ്ണുകൾ ഡ്രൈവിങ്ങ്സീറ്റിലേയ്ക്കു നീണ്ടു…
അതോടെയത്രയും നേരമവളെ വാപൊളിച്ചിരുന്നു നോക്കിയ എന്റെകണ്ണുകൾ താഴ്ന്നു…
എന്താണവളുടെ പുറപ്പാടെന്നാലോചിച്ച് കിടുമ്പനടിച്ചിരുന്ന എന്നെയൊന്നു തുറിച്ചു നോക്കിക്കൊണ്ടവൾ കോ-ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തെ ഡോർ വലിച്ചുതുറന്നു…
അപ്പോൾ ഞാനും ആ സീറ്റിലിരുന്നവളും ഒരേസമയമാകാംഷയോടെ മീനാക്ഷിയെ നോക്കിപ്പോയി…
ഇതെന്തിനുള്ള പുറപ്പാടാണെന്നറിയില്ലല്ലോ…
“”…ഇറങ്ങിങ്ങോട്ട്..!!”””_ അവളാജ്ഞാസ്വരത്തിൽ മൊഴിഞ്ഞതും ഇതെന്തു കൂത്തെന്നമട്ടിൽ
അവിടിരുന്നവളെന്നെ നോക്കി…
“”…എടീ… അവളവിടിരിയ്ക്കുവല്ലേ… നീയിങ്ങുവാ മീനാക്ഷീ..!!”””_ ഉടനെ പിന്നിലിരുന്ന ചേച്ചി കുറച്ചൊതുങ്ങിയിരുന്നവളെ അങ്ങോട്ടേയ്ക്കു ക്ഷണിച്ചു…
“”…ഇല്ല… എനിയ്ക്കു ഫ്രണ്ടിലിരിയ്ക്കണം… ദിവ്യേ… മ്മ്മ്.! ഇറങ്ങി പിന്നിലിരി..!!”””_ അധികാരത്തോടുള്ള അവൾടെ വർത്താനങ്കേട്ടതും എനിയ്ക്കു ചൊറിഞ്ഞുവന്നെങ്കിലും അവൾടെ ഉദ്ദേശമെന്താണെന്നറിയാതെ പ്രതികരിയ്ക്കാൻ പറ്റാത്തൊരവസ്ഥയായ്രുന്നു…
എങ്കിലും,
“”…ആ ചേച്ചിയാദ്യമേ കേറീതല്ലേ… ഇനിയിറങ്ങുവൊന്നും വേണ്ട… മീനുവേച്ചി
പുറകിക്കേറ്..!!”””_ അവള് മുമ്പിൽ കയറിയാലുണ്ടാകാവുന്ന എന്റെ മാനസികസമ്മർദ്ദം കുറയ്ക്കാൻ ഞാനൊരിലയ്ക്കും മുള്ളിനും കേടില്ലാത്ത നമ്പറിട്ടുനോക്കി…