“”…വേണ്ട.! ഭക്ഷണത്തിന്റെ മുന്നീന്നെഴീച്ചൂട… എഴീച്ചാ പരീക്ഷയ്ക്കുതോക്കും..!!”””_ അവനെഴുന്നേറ്റു മാറിയാലോന്നുപേടിച്ച്
ഞാൻ തട്ടിവിട്ടു…
കേട്ടതും ചെക്കനും ചെറിയസംശയം, അവൻ കസേരയിലേയ്ക്കു ബലപ്പിച്ചിരുന്നു…
അവന്റെ ഇരുപ്പുംഭാവവും കണ്ടാലറിയാം, കഴിച്ചുകഴിഞ്ഞാപ്പോലും എഴുന്നേറ്റുപോവില്ലാന്ന്…
ഇനി പന്തലുകാര് സാധനംതിരിച്ചെടുക്കുമ്പോൾ ഈ കസേരയ്ക്കുവേണ്ടി ഇവന്റെവീട് തപ്പിപ്പിടിയ്ക്കേണ്ടി വരുവോ..??
…ആ.! എന്തായാ നമുക്കെന്ത്..??!!
അവൻ മാറുന്നില്ലെന്നുകണ്ടതും
ഞാനൊരിളിയോടെ മീനാക്ഷിയെ തലചെരിച്ചു നോക്കി…
അന്നേരമവൾക്കെന്നെ ഒതുക്കത്തിൽ കിട്ടിയിരുന്നെങ്കിൽ, ഉറപ്പായും കഴുത്തിൽകടിച്ച് കൊരവള്ളിതുപ്പിയേനെ… അതുക്കൂട്ടുനോട്ടമാണ് മീനാക്ഷിയപ്പോൾ നോക്കീത്…
ഉടനെ ഇലയിൽനിന്നും ഒരുകഷ്ണം മാങ്ങയെടുത്തുഞാൻ നിലത്തേയ്ക്കിട്ടു…
ശേഷം,
“”…ചിലരൊക്കെ നോക്കിനിൽക്കേ കഴിയ്ക്കുവാണേലേ കൊതികൊള്ളും… അപ്പൊ കുറച്ചെന്തേലുമെടുത്ത് പുറത്തുകളയണം..!!”””_ മാങ്ങ നിലത്തേയ്‌ക്കിട്ടതിന്റെ കാര്യംമനസ്സിലാകാതെന്നെ നോക്കിയ ചെക്കനോടു ഞാൻ വിശദീകരിച്ചു, മീനാക്ഷി കേൾക്കത്തക്കവിധത്തിൽ…
എന്നിട്ടൊന്ന് മീനാക്ഷിയെ പാളിനോക്കി, എന്നെ പിടിച്ചുതിന്നാനുള്ള കലിപ്പിൽനിന്ന അവളെക്കണ്ടപ്പോൾ ചെറിയൊരാശ്വാസം…
എന്നാലവൾടെ ദേഷ്യഭാവംമാറി പെട്ടെന്ന് മുഖത്ത് ചിരിപരക്കുന്നതും പിന്നത് വാപൊത്തിയുള്ള ചിരിയിലവസാനിച്ചതും കണ്ടപ്പോൾ ഞാൻ കാര്യമറിയാതെ തിരിഞ്ഞുനോക്കി…
അവൾടെ കണ്ണുകളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള എന്റെനോട്ടം ചെന്നുനിന്നതാ ചെക്കന്റെഇലയിലാണ്…