സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നിലാവുള്ള ആ രാത്രിയിൽ വാഹനങ്ങളുടെ വലിയ ബഹളമില്ലാതെ ശാന്തരായി മൂന്നുപേരും നടന്നു.. ഒരു കയ്യിൽ ആവണിയും മറുകയ്യിൽ മിയയും പിടിച്ചിരിക്കുന്നു.. രണ്ടു പേരും ശരീരത്തോട് ചേർന്നാണ് നടക്കുന്നത്. വല്ലാത്തൊരു ഫീൽ ആയിരുന്നു അത്..
“”എന്തൊരു രസാല്ലേ ഇങ്ങനെ കറങ്ങി നടക്കാൻ..”” ആകാശത്തെ അമ്പിളിയെ നോക്കി ആവണി പറഞ്ഞു..
“”സത്യം നല്ല രസായിരുന്നു ഇന്ന്. എല്ലാം വേദനകളും മറന്നു നല്ലോണം ആസ്വദിച്ചു “”
അത് കേട്ടപ്പോൾ മിയ കണ്ണു മിഴിച്ചു എന്നെ നോക്കി.
“”അതിനു നിനക്കെന്തു പ്രശ്നം.. നീ ഹാപ്പിയല്ലേ “”
ഒന്നുമറിയാതെ ആവണി ചോദിച്ചു..
“”ഇപ്പോൾ നല്ലോണം ഹാപ്പി ആണ് “” കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവിടെ ഒരു കോമഡി ഇട്ടു.. മിയ അപ്പോഴും മുന്നോട്ടു നോക്കി എന്തോ ആലോചിച്ചു നടക്കുകയായിരുന്നു..
ഒടുവിൽ ഫ്ലാറ്റിൽ എത്തി ഡോർ തുറന്നു. ഞങ്ങളുടെ ശബ്ദം കേട്ടിട്ടാവണം അപ്പുറത്തെ ഏട്ടൻ വാതിൽ തുറന്നു ഞങ്ങളുടെ അടുത്തേക്ക് വന്നു.. അയാള് എന്തെങ്കിലും പറയുന്നതിന് മുന്പേ പുറകിൽ നിന്നും ഒരു വിശ്വരൂപം തെളിഞ്ഞു.. അപ്പച്ചൻ!!!.. ഈ സമയത്തു എന്താ ഇവിടെ ഒന്ന് വിളിച്ചത് പോലുമില്ലല്ലോ..
“”നിന്റെ ഫോൺ എവിടെ. എത്ര നേരമായി ഞാൻ വിളിക്കുന്നു “” അൽപ്പം ഗൗരവത്തോടെ അപ്പച്ചൻ ചോദിച്ചു..
“”അപ്പച്ചാ രാവിലെ ഇറങ്ങിയതാ ഫോണും കൊണ്ട് ഓരോ പരിപാടിക്ക്.. ഇപ്പോഴാ കയറി വരുന്നേ.. സ്വിച്ച് ഓഫ് ആയി പോയി “” ഫോൺ എടുത്തു കാണിച്ചു ഞാൻ പറഞ്ഞു.