ചാരിയിരുന്ന ഡോറു തുറന്നകത്തു കയറീതും കട്ടിലിലിരുന്നു നോട്ട്സെഴുതി കൊണ്ടിരുന്ന മീനാക്ഷി ഞെട്ടിത്തിരിഞ്ഞെന്നെ നോക്കി…
ഞാനാണെന്നു കണ്ടതും കട്ടിലേൽ ചമ്രം പടഞ്ഞിരുന്നപ്പോൾ മുകളിലേയ്ക്കൂർന്ന് കാൽവണ്ണകളെ നഗ്നമാക്കിയിരുന്ന പാവാട വലിച്ചു താഴ്ത്തിയവൾ കാലുകളെ മറച്ചു…
ഒരു രാത്രിയിലെ മെനക്കേടു കൊണ്ടുണ്ടായ പുരോഗതി…
എന്നെക്കണ്ടാലുടനേ തുണി പൊക്കിക്കാട്ടിക്കൊണ്ടു വന്നോണ്ടിരുന്നവള് തുണി താഴ്ത്തിയിടാനൊക്കെ പഠിച്ചു…
അവളു വീണ്ടും നോട്സെഴുതി തുടങ്ങീപ്പോൾ ബാഗും ടേബിളിനുമേലെവെച്ച് ടവലുമെടുത്തു ഞാൻ ബാത്ത്റൂമിലേയ്ക്കു കേറി…
നീട്ടിയൊരു കുളി പാസാക്കുന്നതിനിടയിൽ ചുമ്മാതൊന്നു ചിന്തിച്ചു,
…സാധാരണ എന്തിനുമേതിനും ചൊറിയാൻ വരുന്ന ഇവൾക്കിതെന്തോപറ്റി..?? ഇനിയിതും അഭിനയമാവോ..??_ പക്ഷേയപ്പോഴും, ഈ ദിവസങ്ങളിലൊന്നും ഞാനവളെയും ചൊറിഞ്ഞിട്ടില്ലാന്നുള്ളതു ഞാൻ ചിന്തിച്ചില്ല…
…ആ.! എന്നാ കോപ്പാ… എന്തേലും കാണിയ്ക്കട്ടേ…!!_ എന്നൊക്കെ പറഞ്ഞു മനസ്സിനെ സമാധാനപ്പെടുത്തി പുറത്തിറങ്ങിയപ്പോൾ ബുക്കെല്ലാം കട്ടിലേൽവെച്ചിട്ടവൾ താഴത്തേയ്ക്കു പോയിരുന്നു…
അന്നും പുറത്തൂന്നു കഴിച്ചിട്ടുവന്നതിനാൽ തലയുംതോർത്തി ഡ്രെസ്സുംമാറി ഞാൻ കേറിക്കിടന്നു…
പക്ഷേ, അന്നു ഞാനാ ബുക്കെല്ലാം ഒരു വശത്തേയ്ക്കു തള്ളിമാറ്റിയിട്ടതിന്റെ സൈഡിലായാണ് കിടന്നതെന്നു മാത്രം…
സ്വയമറിയാതെ ചെയ്തൊരുകാര്യം…
പിന്നെയും കുറച്ചു കഴിഞ്ഞശേഷമാണ് മീനാക്ഷി റൂമിലേയ്ക്കു വന്നത്…
വന്നപാടെ കട്ടിലിൽക്കിടന്ന ബുക്ക്‌സെല്ലാമടുക്കി ടേബിളിനുപുറത്തു വെച്ചശേഷം അവളുമെന്റരികിലായി കേറിക്കിടന്നു…