അപ്പു തലയിൽ കൈ കൊണ്ട് ഒന്ന് തടവികൊണ്ട് പറഞ്ഞു.
“എന്താടാ, എന്താ പ്രശ്നം? രണ്ടും കൂടെ വീണ്ടുമെന്തേലും ഉണ്ടാക്കിയോ?!”
“എന്റെ ചേച്ചി, ഞങ്ങൾ കണ്ടെത്തിയ മരുന്ന് നൂറുശതമാനം വർക്കായി!!”
“ഉവ്വോ! അത് കൊള്ളാല്ലോ, അപ്പൊ സന്തോഷിക്കുകയല്ലെ വേണ്ടത്. എത്ര നാളായി നിങ്ങൾ രണ്ടുപേരും ഇതിന്റെ പിറകിൽ നടക്കാൻ തുടങ്ങീട്ട്..”
“അതൊക്കെ ശരി തന്നെ ചേച്ചി, എന്നാലും അതൊന്നു പരീക്ഷിക്കണ്ടേ, എന്നാലല്ലേ പരീക്ഷണം നൂറു ശതമാനം വിജയമാകുള്ളൂ! ബട്ട് അത് ചെയ്തപ്പോളായിരുന്നു കുഴപ്പം..”
“എന്ത് കുഴപ്പം?”
“മനു ഏട്ടന്റെ രക്തം എടുത്തില്ലായിരുന്നോ ഞങ്ങൾ..”
“അതെ, നിങ്ങള് ചോദിച്ചതുകൊണ്ട് ഞാനല്ലെ എന്റെ കെട്ടിയോന്റെ സാമ്പിൾ തന്നെ!..”
“മ്മ്, അതാ ഇപ്പൊ പ്രോബ്ലമായെ! ആ സാമ്പിൾ മിക്സ് ചെയ്ത് കിച്ചു ടെസ്റ്റിംഗ് പോലെ ഒന്ന് കുടിച്ചു നോക്കി. അവിടെയാ കുഴപ്പം..”
“ഹ! നീ മനുഷ്യനെ വട്ടാക്കാതെ കാര്യമെന്താണെന്ന് പറ അപ്പൂ!”
“ഹ്മ്മ്, പറയാം.. അത് കുടിച്ച ശേഷം അവനിപ്പോൾ മനുവേട്ടനാ.. അതായത്, കിച്ചുവിപ്പോൾ പൂർണ്ണമായും മനുവേട്ടനെ പോലെ പെരുമാറുകയാ!..”
“അമ്മേ!.. എന്തൊക്കെയടാ ഈ കേൾക്കുന്നെ! നിനക്കൊക്കെ അത് വല്ല മൃഗത്തിലും ടെസ്റ്റ് ചെയ്തൂടാരുന്നോ?!”
മഹിമ അന്തം വിട്ടുകൊണ്ട് ചോദിച്ചു.
“എന്റെ ചേച്ചി, അതൊന്നുമപ്പോൾ ഓർത്തില്ല. വേണ്ടാ വേണ്ടാന്ന് ഞാൻ നൂറു വട്ടം പറഞ്ഞതാ, അവൻ കേട്ടില്ല. അത് കൊണ്ട് തന്നെ അവൻ ഇപ്പൊ ചേച്ചിയുടെ ഹസ്സിനെ പോലെയാ പെരുമാറുന്നേ.. അവിടെ കിടന്ന് ചേച്ചിയെ കാണണമെന്ന് പറഞ്ഞുകൊണ്ട് ഒരേ ബഹളമായിരുന്നു!”