അങ്ങനെയിരുന്നപ്പോഴാണ് മീനാക്ഷിയിറങ്ങിവരുന്നതു കണ്ടത്…
എവിടേയ്ക്കോപോകാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു, വേഷമൊക്കെ മാറിയിട്ടുണ്ട്…
സ്കൈബ്ലൂനിറത്തിലുള്ള കുർത്തിയും വെള്ള ലെഗ്ഗിൻസുമായിരുന്നു അപ്പോൾ അവൾടെവേഷം…
മുടിയൊക്കെ ഒതുക്കിക്കെട്ടി, മുന്നിൽ ടോം ആൻഡ് ജെറിയുടെ ചിത്രമുള്ള പിങ്ക് സ്ലിങ്ബേഗും ഷോൾഡറിലേയ്ക്കിട്ടവൾ എന്നെയൊന്നു മൈൻഡുകൂടി ചെയ്യാതെ ഇറങ്ങിയൊരു പോക്കായ്രുന്നു…
…എവടെയോ ചെന്നു കേറിക്കൊടുക്കട്ടേന്ന മനസ്സോടെ ഞാനുമെന്റെ കാര്യവുംനോക്കി അവടിരുന്നു…
പിന്നെ മടുപ്പായപ്പോൾ ഡോറുംചാരിയിട്ടു ഞാനാ സോഫയിൽക്കിടന്നൊറ്റയുറക്കമായിരുന്നു…
ആ ഉച്ചയുറക്കത്തിനിടയിൽ രണ്ടുമൂന്നുപ്രാവശ്യം ചെറിയമ്മേടെ കോളുവന്നെങ്കിലും അങ്ങനൊരുസംഭവം നടന്നതറിയുന്നത് ഉറങ്ങിയെഴുന്നേറ്റതിൽ പിന്നെയാണ്…
ഉറക്കച്ചടവോടെ തിരിച്ചവരെവിളിച്ചതും പെണ്ണുംമ്പിള്ളയെടുത്ത വായ്ക്കു ചോദിച്ചത്,
“”…ആ പെണ്ണവിടുണ്ടോ..?? അതോ കൊന്നോ..??”””_ എന്നായിരുന്നു…
അതിന്,
“”…ഞാനായ്ട്ടൊന്നും ചെയ്തിട്ടില്ല..!!”””_ എന്നൊരു മറുപടികൊടുത്തതും വീണ്ടും കുറേയുപദേശങ്ങൾ പാഴ്സലായിക്കിട്ടി…
അതിനെക്കൂടെ നോക്കിക്കോൾണമെന്നും പാവമാണെന്നുമൊക്കെപ്പറഞ്ഞു കൂട്ടത്തിലവളെക്കുറച്ചു പുകഴ്ത്തലും…
അതിനൊക്കെ തിരിച്ചെന്തേലും പറഞ്ഞാൽ ഫോൺകോളിന്റേം തെറിവിളീടേം ദൈർഘ്യം കൂടുമെന്നതിനാൽ എല്ലാം മൂളിക്കേട്ടതേയുള്ളൂ…
“”…മൂളിയാപ്പോരാ… പറഞ്ഞതൊക്കെ കേട്ടല്ലോ… വെറുതെയാ പെണ്ണിനോടടികൂടാൻ നിയ്ക്കരുത്… ഇനിയവളെന്തേലും പറഞ്ഞാത്തന്നെ ന്റെ കുഞ്ഞാവ കേട്ടില്ലെന്നുവെച്ചാ മതീട്ടോ..!!”””_ ഓരോർമ്മപ്പെടുത്തൽ പോലെ ചെറിയമ്മ കൂട്ടിച്ചേർത്തപ്പോൾ അതിനും ഞാൻ തലകുലുക്കി സമ്മതിച്ചുകൊണ്ടു കോൾ കട്ടുചെയ്യുകയാണു ചെയ്തത്…