എന്നെ തരംകിട്ടുമ്പോൾ ഉപദേശിയ്ക്കുമ്പോലെ ചെറിയമ്മ മീനാക്ഷിയേയും ഉപദേശിയ്ക്കുന്നുണ്ടാവോ..??
അല്ലേൽ കണ്ടാൽ കടിച്ചുകീറാൻനിന്ന പെണ്ണിത്രയുമടങ്ങീത് അതുകൊണ്ടാവോ..??!!
ഉള്ളിലെ ഒരുകൂട്ടം സംശയങ്ങളുമായി എഴുന്നേറ്റ ഞാൻ ബിരിയാണി കഴിച്ചതിനാലുണ്ടായ ദാഹത്താൽ വെള്ളംകുടിയ്ക്കാനായി അടുക്കളയിലേയ്ക്കു നടന്നു…
ഫ്രിഡ്ജീന്നൊരു കുപ്പി വെള്ളമെടുത്തു കുടിയ്ക്കുന്നതിനിടയ്ക്കാണ് ഷെൽഫിന്റെ താഴത്തെമൂലയിലായി മീനാക്ഷിയുടെ ഗ്ലാസ്സിരിയ്ക്കുന്നതു കണ്ടത്…
അതോടെ എന്നിലെ ഉറങ്ങിക്കിടന്ന കിഡ്നാപ്പർ ഞെട്ടിയെഴീച്ചു, ഇനിയാരെയാ മോട്ടിയ്ക്കേണ്ടതു മൊതലാളീന്ന മട്ടിൽ…
കുപ്പിതിരികെ ഫ്രിഡ്ജിൽവെച്ചു നേരേ ഞാൻപോയാ ഗ്ലാസ്സു കയ്യേലെടുത്തു…
നോക്കുമ്പോൾ, അതിൽ പിടിയ്ക്കുന്നഭാഗത്തു ചുറ്റിലുമായി ഓറഞ്ചുനിറത്തിലുള്ള സ്കെച്ചുപെന്നിട്ട് ‘മീനാക്ഷി’ എന്ന് എഴുതിവെച്ചിരിയ്ക്കുന്നു…
…ഗ്ലാസ്സ് മാറിപ്പോകാതിരിയ്ക്കാനാണോ അതോ വേറാരുമെടുക്കാതിരിയ്ക്കാനാണോ പേരൊക്കെഴുതി വെച്ചിരിയ്ക്കുന്നേ..??_ അങ്ങനൊരു സംശയം തോന്നുകകൂടി ചെയ്തപ്പോൾ പിന്നെ ഞാനാഗ്ലാസ്സു തിരികെവെയ്‌ക്കോ..?? നൈസിനങ്ങൊതുക്കി…
തിരികെവന്നു സോഫയിലേയ്ക്കിരുന്നപ്പോഴാണ് ചാരിയിരുന്ന ഡോറുംതള്ളിത്തുറന്നു മീനാക്ഷിവന്നത്…
വിയർത്തൊഴുകി, സ്കൈബ്ലൂ കുർത്തിയൊക്കെ അവിടവിടെ കടുംനിറമായിരുന്നു…
മുഖത്തൂടെ ചാലുതീർത്തൊഴുകിയ വിയർപ്പുതുള്ളികളെ കർച്ചീഫ്കൊണ്ട് തൂത്തശേഷം ഡോറുംവലിച്ചടച്ചു തിരിയുമ്പോഴാണ് സോഫയിലിരുന്ന എന്നെക്കാണുന്നത്…