വർഷം 2020. കോളേജിൽ നിന്നും കിട്ടി ഒന്നുരണ്ട് ലോക്കൽ സ്കോളർഷിപ്പുകൾ. പക്ഷേ സ്കൂട്ടറിൽ ഇതുവരെ ഓട്ടിക്കാനായി കയറ്റിയിട്ടില്ല. എന്തോ അന്നുമുതലാണ് മനസ്സിന് വിഷമം കയറി തുടങ്ങിയത്. ഒരുപാട് ആഗ്രഹിച്ചത് കിട്ടാത്തതിന്റെ ഒരു വിഷമം. സ്കോളർഷിപ്പ് ഒക്കെക്കിട്ടിയ സ്റ്റാർ ആണെങ്കിലും അമ്മയ്ക്ക് എന്നെ വലിയ മതിപ്പില്ല എന്നൊരു തോന്നൽ തുടങ്ങി.
അമ്മ നല്ല കഴിവുള്ള സ്ത്രീയാണ്. ചെറുപ്പത്തിൽ തന്നെ ഭർത്താവ് മരിച്ചെങ്കിലും റബ്ബർതോട്ടവും ഏലകൃഷിയും ഒക്കെ നോക്കിനടത്തി അവർ കുടുംബം ഭംഗിയായി മുന്നോട്ടു കൊണ്ടുപോയി. ഭർത്താവിൻറെ അമ്മക്കും സ്വന്തം മകനും ഒരു ബുദ്ധിമുട്ടും വരാതെയിരിക്കുവാൻ അവർ നല്ലതുപോലെ ശ്രദ്ധിച്ചിരുന്നു. 40 വയസ്സിനോട് അടുപ്പിച്ച് പ്രായമായി. വീട്ടിൽ ജോലിക്ക് പ്രായമായ ജോലിക്കാരി ഉണ്ട്. രാവിലെ അവരെ സ്കൂട്ടറിൽ വീട്ടിൽപോയി കൊണ്ടുവരണം എന്നുള്ളത് മാത്രമേ ഉള്ളൂ ഒരു അസൗകര്യം.
മറ്റൊന്നുംകൊണ്ടല്ല വീടിൻറെ മുന്നിൽ നിന്നും ഗേറ്റ് വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ട്. അതിൽ കൂടുതൽ ചുറ്റളവിൽ ഉണ്ട് വീടിനു ചുറ്റിനും ഉള്ള റബ്ബർ തോട്ടവും. അതിനു തൊട്ടപ്പുറത്താണ് ഏലത്തോട്ടം. ഒരു മാനേജരെ പോലും വയ്ക്കാതെ എങ്ങനെ അമ്മ ഇതൊക്കെ നോക്കി നടക്കുന്നു എന്ന് എനിക്ക് അത്ഭുതമായിരുന്നു. അത്രയും ദൂരം ജോലിക്കാരിക്ക് നടക്കാൻ ബുദ്ധിമുട്ടാണ് എന്ന് പണ്ടേ ഞങ്ങൾക്ക് മനസ്സിലായിരുന്നു.
രാവിലെ 5 മണിയാകുമ്പോൾ അമ്മ സ്കൂട്ടറിൽ പോയി ജോലിക്കാരിയെ കൊണ്ടുവന്ന് വീട്ടിലാക്കും. ഏലത്തോട്ടത്തിന്റെ കാര്യങ്ങൾ നോക്കുവാൻ ഏഴു മണിയാകുമ്പോൾ പുറത്തേക്ക് പോകും. അതുവഴി കറങ്ങി റബ്ബർതോട്ടത്തിലെ മേൽനോട്ടവും കഴിഞ്ഞ് 11 മണി കഴിയുമ്പോൾ തിരിച്ച് വീട്ടിലെത്തും.