“”അങ്ങനെ ചോദിച്ചാൽ, മനസിലൊന്നും ഇല്ല.. എങ്കിലും നിന്റെ പോലെയുള്ള ആളുകളെ എനിക്കിഷ്ടാ.. “”
“”എന്റെ പോലെയോ?””
“”അതെ “”
“”എന്റെ എന്ത് സ്വഭാവാണ് കാത്തുവിന് ഇഷ്ടപെട്ടെ?”” ഒരു അത്ഭുതത്തോടെ ഞാൻ ചോദിച്ചു..
“”അത്… നിന്നെ കുറിച്ച് നിന്റെ ചേച്ചിയെപ്പോഴും പറയും.. അതൊക്കെ കേട്ട് നിന്നെ കുറിച്ച് കൂടുതൽ കാര്യങ്ങളെനിക്കറിയാം.. അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാതെ നീ പഠിക്കുന്നത്. മറ്റുള്ളവരുടെ ലൈഫിലും നീ ഇമ്പോർട്ടൻസ് കൊടുക്കുന്നത്.. ആരെന്തു ചോദിച്ചാലും ഒരു മടിയും കൂടാതെ ചെയ്തുകൊടുക്കുന്നത്.. ഇപ്പോ ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടിത്തന്നെ നീ വന്നില്ലേ.. ഇതുപോലെയുള്ള എല്ലാവരെയും മനസിലാക്കുന്ന ഒരാളെയാണ് എനിക്ക് പാർട്ണറായിട്ട് വേണ്ടത്.”” റൂമിൽ മുഴങ്ങുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ചുവരിലേക്ക് നോക്കി ഓർത്തെടുത്തു അവൾ പറഞ്ഞു..
ഇതൊക്കെ ഇത്ര വലിയ സംഭവമായിരുന്നൊ?.. ഞാൻ സ്വയം ചിന്തിച്ചു.
“”സത്യത്തിൽ ഇതൊക്കെ ഞാൻ അങ്ങ് ചെയ്തുപോകുന്നതാണ്. ആരെയും കാണിക്കാനോ ആളാവാനോ ചെയ്യുന്നതല്ല “”
“”അറിയാം, അതുകൊണ്ടല്ലേ നീ നീപോലുമറിയാതെ നീ വലിയവനാകുന്നത് “” എന്നെ നോക്കി അവളത് പറഞ്ഞപ്പോൾ അല്പം രോമാഞ്ചം എന്നിൽ കടന്നുകൂടിയൊന്നൊരു സംശയം..
“”മതി കാത്തു, ഇനിയും എന്നെ പുകഴ്ത്തിയാൽ ഞാൻ മരവിച്ചു പോകും.. പെയിന്റിംഗിന് വേറെ ആളെ വിളിക്കേണ്ടി വരും “”
“”ഹ ഹ ഹ, നല്ലോണം ചുഗിച്ചു ലെ.. പക്ഷെ ഞാൻ പറഞ്ഞത് കാര്യാട്ടോ.. “”