“നിന്റെ ധൈര്യത്തെ ഞാൻ സമ്മതിച്ചു. കുടുംബക്കാർ നിന്നെ തിരക്കില്ലേ..?”
“അച്ഛൻ ഇപ്പോ വിളിക്കും. സാധാരണ ഞാനും അച്ഛനുമാണ് അടിക്കാറുള്ളത്.”
അതും പറഞ്ഞ് അവൾ ചിരിച്ച് ആമിയുടെ ഗ്ലാസിലേക്ക് ചീർസ് മുട്ടിച്ചു.
“അടിക്കെടി…”
ദൃശ്യ രണ്ട് സിപ് വിഴുങ്ങി. ആമിയും മടിയോടെ ഒരു സിപ് രുചിച്ചു. ആദ്യം ഓറഞ്ച് ഫ്ലേവറിന്റെ രുചി വായിൽ കിട്ടിയത് കൊണ്ട് കൂടുതൽ കുഴപ്പം തോന്നിയില്ല. ദൃശ്യ ബാക്കി കൂടി അകത്താക്കിയത് കണ്ട് ആമിയും ഗ്ലാസ് മൊത്തം വലിച്ചു. ചങ്കിലൂടെ നേരിയ തീ ഇറങ്ങിയത് പോലെ തോന്നിയ അവൾ കണ്ണുകൾ രണ്ടും അടച്ച് മുഖം ചുളിച്ചു. ഇത് കണ്ട് ദൃശ്യ ചിരിക്കുകയാണ്.
“എടി.. പയ്യെ അടിച്ചാൽ മതി..”
“മ്മ്..”
“ഇന്നാ എന്തെങ്കിലും കഴിക്ക്..”
ആമി രണ്ട് മുന്തിരി എടുത്ത് വേഗം കഴിച്ചു. ദൃശ്യ അടുത്ത റൗണ്ട് പകരുകയാണ്.
“ആമി.. എങ്ങനുണ്ട്.?”
“കൊള്ളാം.. നീയെതെവിടുന്നാ ഒപ്പിച്ചേ..?”
“അതൊക്കെ ഉണ്ട്..”
“പറയെടി..”
“ആരോടും പറയരുത്.. റിതിൻ തന്നതാ..”
“റിതിനോ..?”
“ആന്നേ.. രണ്ടെണ്ണം അടിക്കാൻ രഹസ്യമായി എടുത്ത് തരണമെന്ന് പറഞ്ഞു. തന്നു.”
“ഞാൻ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നോ.?”
“ആ.. എന്തേ..?”
“നീയെന്തിനാ അത് പറഞ്ഞത്..?”
“അത് സാരമില്ലെടി. റിതി ഒന്നും പറയില്ല. അറിഞ്ഞെന്ന് വച്ച് ഒരു കുഴപ്പവുമില്ല.”
ആമി ഒന്നും മിണ്ടിയില്ല. ദൃശ്യ അടുത്ത പെഗ്ഗ് കൂടി അവളുടെ കയ്യിൽ വച്ചു കൊടുത്തു. എന്തൊക്കെയോ പ്രയാസങ്ങൾ മനസ്സിൽ ഉള്ളിൽ നിറഞ്ഞത് പോലെ അവളാ ഗ്ലാസ് കഷ്ടപ്പെട്ട് വലിച്ചു.
“ഐവ.. ഇതാണ് നീ അടിക്കില്ലെന്ന് പറഞ്ഞതല്ലേ..”