“ എനിക്ക് കുറച്ച് ആവശ്യങ്ങളുണ്ട്..”
“ അതെന്താന്നാ ഞാൻ ചോദിച്ചത്..?”
“എനിക്ക് പല ആവശ്യങ്ങളുമുണ്ട്..”
“നീ ആവശ്യം പറ..”
രണ്ടാളുടെയും സംസാരം ചെറിയൊരു പേടിയോടെയാണ് ഷിഫാന കേട്ടു നിന്നത്.
“എന്റെ ആവശ്യങ്ങളെല്ലാം നിങ്ങളോട് പറയണോ… ?”
പോരിനൊരുങ്ങിത്തന്നെ വിനോദ് ചോദിച്ചു.
“ പറയേണ്ടിവരും.. പൈസ തരുന്നത് ഞാനാണെങ്കിൽ ആവശ്യവും എനിക്കറിയണം…”
ദാസൻ കഴിച്ച് കഴിഞ്ഞ് കൈ കഴുകി വന്ന് വീണ്ടുമിരുന്നു.
“ഭക്ഷണം ഇവിടെയുണ്ട്…ഡ്രസെന്തെങ്കിലും വേണേൽ കടയിൽ വന്നെടുക്കാം.. വല്ല അസുഖവുമുണ്ടെങ്കിൽ ആശുപത്രിയിൽ പോകാം.. നിന്റെ ഭാര്യയുടെ ചെലവുകളും ഞാനാണ് നോക്കുന്നത്..വേറെന്താണ് നിനക്ക് പൈസക്ക് ആവശ്യം..?”
സൗമ്യതയോടെയാണ് ദാസന്റെ ചോദ്യം.
“ഞാൻ നിങ്ങളെ ഔദാര്യമല്ല ചോദിക്കുന്നത്..എന്റെ അവകാശമാണ്.. എനിക്കാവശ്യമുള്ള പൈസ എനിക്ക് കിട്ടണം..”
വിനോദ് ശബ്ദമുയർത്തി.
“ പതുക്കെ…പതുക്കെ സംസാരിച്ചാമതി..
ഈ അടുക്കളയിൽ മാത്രംകേട്ടാമതി..
പിന്നെ അവകാശം.. നിനക്കെന്ത് അവകാശമാ അവിടെയുള്ളത്..?”
“അതെന്റെയും കൂടി കടയാണ്… അവിടുന്നുള്ള വരുമാനം എനിക്കും കൂടി അവകാശപ്പെട്ടതാണ്…”
“ ഓ… അങ്ങനെ… എന്നാ നീയൊരു കാര്യംകേട്ടോ… ബാങ്കിലും, തുണിയെടുക്കന്ന സ്ഥലത്തും വലിയൊരു സംഖ്യം കടക്കാരനായിട്ടാ നമ്മുടച്ചൻ പോയത്.. പതിനഞ്ച് വർഷം ഞാൻ ചോരനീരാക്കിയാണ് ഇന്ന് കാണുന്ന കോലത്തിൽ ആ കടയാക്കിയത്..ഒരു കർച്ചീഫിന്റെ വിലയെത്രയാന്ന് നിനക്കറിയോ..?
പൈസ ചോദിക്കാനല്ലാതെ എന്തിനെങ്കിലും നീയാകടയിലേക്ക് കയറിയിട്ടുണ്ടോ..?
ആ കടയുടെ പണി നടക്കുന്നന്ന് സഹായിക്കാനൊരാളില്ലാതെ ഞാൻ കരഞ്ഞ് പോയിട്ടുണ്ട്.. അന്നൊക്കെ കടയുടെ മുമ്പിലൂടെ കൂട്ടുകാരൊടൊപ്പം നീബൈക്കിൽ കറങ്ങുന്നത് വേദനയോടെയാണ് ഞാൻ നോക്കി നിന്നത്.. വളരെ കഷ്ടപ്പെട്ടാണെടാ ഞാനാ കട ഇന്ന് കാണുന്ന കോലത്തിലാക്കിയത്..”