“ഡാഡിയുടെ ഭാഷയിൽ നല്ല കൊഴുത്ത പശു!” അവൾ ടീ പോയിലെ തന്റെ തന്നെ പ്രതിബിംബത്തെ നോക്കിക്കൊണ്ട് ഓർത്തു. “ഡാഡി, ബെന്നി, അജിത്, സത്യ, വീരഗൗഡ, ഗജേന്ദ്രമൊയ്ലി, പെരിയ റാവുത്തർ, കേണൽ സുബ്രഹ്മണ്യം, വക്കീൽ അനന്തറാവു… എന്റെ ഈശ്വരാ,” ഓർമ്മകളുടെ വേലിയേറ്റത്തിൽ അവൾക്ക് ഭ്രാന്തുപിടിക്കുന്നപോലെ തോന്നി. അവൾ ഗീതുവിനും ദേവികയ്ക്കുമിടയിൽ ചാഞ്ചാടി.
“മോളേ!” ലീലേട്ടത്തിയുടെ വിളി പിന്നെയും. അവൾ ചുറ്റും നോക്കി. അമ്മിണി പാലുകുടി കഴിഞ്ഞ് ഊർന്നിറങ്ങി മുട്ടുകുത്തികളിക്കുന്നു.
“രാത്രി വേണ്ടത്ര ഉറക്കം കിട്ടാഞ്ഞിട്ടാണ് ഈ പകലുറങ്ങുന്നത്,” നാട്ടിൻപുറത്തെ ചേച്ചിമാർക്ക് മാത്രം വഴങ്ങുന്ന സ്വാഭാവികമായ വശ്യതയോടെ ലീലേട്ടത്തി അവളുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.
“ഈ ചേച്ചിയുടെ ഒരു കാര്യം,” അവൾ ചൂളിക്കൊണ്ട് പറഞ്ഞു.
“അല്ല തെറ്റ് പറയാൻ പറ്റില്ല. അമ്മിണിക്കുട്ടിയ്ക്ക് ഒരു കുഞ്ഞനിയൻ വേണമല്ലോ.”
“ഓ അതിനൊക്കെ ഇനിയും സമയമുണ്ട്. ഇവൾ ഒന്നുകൂടി വലുതാവട്ടെ,” ഗീതു മുല ഗൗണിലാക്കിയശേഷം എഴുന്നേറ്റു.
“അതൊക്കെ ദാ എന്നുപറയുമ്പോഴേക്കും വലുതാകും. സമയം പോകുന്നതറിയില്ല. മാത്രമല്ല ഇപ്പോഴേ നോക്കി തുടങ്ങിയാലല്ലേ അടുത്തകൊല്ലം വാവയെ കിട്ടൂ,” ലീലേട്ടത്തി പൊട്ടിച്ചിരിച്ചു. ഗീതു ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു. “അല്ല ഞാൻ ഇതാരോടാ,” ലീലേട്ടത്തി തുടർന്നു,
“കല്യാണം കഴിഞ്ഞ് മാസം പത്തു തികയും മുൻപേ തന്നെ അമ്മിണിക്കുട്ടിയെ പെറ്റിട്ട മിടുക്കത്തിയല്ലേ മോള്, അപ്പൊ പിന്നെ ഞാൻ ഒന്നും പറയേണ്ടല്ലോ. പെറ്റിട്ടുതന്നാൽ മതി താഴത്തും തലയിലും വെക്കാതെ നോക്കുന്ന കാര്യം ഞാനേറ്റു.” അവർ പിന്നെയും ചിരിച്ചു. അമ്മിണിക്കുട്ടിയുടെ പ്രസവത്തിന്റെ കാര്യം കേട്ടപ്പോൾ ഗീതുവിന്റെ മനസ്സ് ഒന്നുകൂടി പിടച്ചു.