“അയ്യോ ഞാൻ രാജീവേട്ടനോട് പറയാം. ഡോക്ടറെ കാണിക്കണ്ടേ.”
“ഒന്നും വേണ്ട . ഞാൻ എന്തായാലും ഒന്ന് കുളിക്കട്ടെ. അത് കഴിഞ്ഞു ഭക്ഷണം കഴിച്ച് മരുന്നുപുരട്ടി കിടക്കാം. ഒന്നുറങ്ങണം.”
“അതുശരിയാ,” മിത്രയെ അത്രനേരം അടിമുടി നോക്കിക്കൊണ്ടിരുന്നു ലീലേട്ടത്തി പറഞ്ഞു, “മോൾക്ക് നല്ല ഉറക്കക്ഷീണമുണ്ട്. പിന്നെ വണ്ടി അത്രയും നേരം ഓടുകയല്ലേ കയറിയും ഇറങ്ങിയും കുലുങ്ങിയുമൊക്കെ, അപ്പൊ തളർന്നില്ലെങ്കിലാണ് അത്ഭുതം. അല്ലെ മോളേ?”
അതിന് പ്രത്യേകിച്ച് മറുപടിയൊന്നും കൊടുക്കാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തുകൊണ്ട് അവൾ മുറിയിലേക്ക് കയറി വാതിലടച്ചു കുറ്റിയിട്ടു. ലീല അമ്മിണിയെ താഴെ തൊട്ടിലിൽ കിടത്തിയ ശേഷം ഒന്നും അടുക്കളയിലേക്കു നടക്കുമ്പോൾ ഇങ്ങനെ പിറുപിറുത്തു, “നല്ല മേലുവേദന കാണും. കുറച്ചുകഴിഞ്ഞിട്ട് പോയി തിരുമ്മിക്കൊടുക്കാം.” വെയിൽ മൂട്ടിലടിച്ചപ്പോൾ ഉണർന്നെഴുന്നേറ്റ രാജീവ് തലേന്നത്തെ ഹാങ്ങോവറിന്റെ കനത്തിൽ വേച്ചു വേച്ചു പടവുകൾ ഇറങ്ങി വരുമ്പോൾ ഗീതു മാത്രം സോഫയിൽ ലീലയുടെ ഫോണിന്റെ സ്‌ക്രീനിൽ കണ്ണും നട്ടിരിപ്പായിരുന്നു.
****************
ബെന്നിയെ ദീപു വിളിച്ചുണർത്തിയത് ഏതാണ്ട് ഒരു ഒമ്പത് മണിക്കാണ്. 7 മണിക്ക് തന്നെ എഴുന്നേറ്റ് വീടുമുഴുവൻ അടിച്ചുവാരി വൃത്തിയാക്കിയ ശേഷം, കുളിച്ചു ഫ്രഷായി ഒരു ചായ. അതാണ് ദീപുവിന്റെ പതിവ്. പണ്ടേ വീട്ടിൽ ശീലിപ്പിച്ചതാണ്. ആൺകുട്ടി ആയാലും വീട് വൃത്തിയാക്കൽ, തുണികഴുകൾ, ഭക്ഷണമുണ്ടാക്കൽ തുടങ്ങി എല്ലാ വീട്ടുപണിയും അവൻ പഠിക്കണമെന്ന് അവന്റെ അമ്മയ്ക്ക് നിർബന്ധമായിരുന്നു.