ആഹാ! കുമാരനാണോ! ഞാൻ ചിരിച്ചു… എന്താണ് കാലത്തേ?
അതു സാറേ ഈ റേറ്റിൻ്റെ പ്രശ്നമാണ്… പുള്ളിയങ്ങോട്ടടുക്കുന്നില്ല…
കുമാരാ. കൊറച്ചൊന്നഡ്ജസ്റ്റു ചെയ്യെന്നേ. ഒന്നുമില്ലെങ്കിലും എൻ്റെ പുതിയ അയൽക്കാരല്ലേ! ഞാൻ കുമാരൻ്റെ തോളിൽ കൈ വെച്ചു. ഇതിനിടെ വിലപേശൽ നിശ്ശബ്ദമായിരുന്നു. വീട്ടുകാരൻ അകത്തേക്ക് പോയിരുന്നു. മാത്രമല്ല വൃത്തത്തിൻ്റെ വെളിയിൽ താഴ്ന്ന സ്വരത്തിൽ സംസാരിക്കുന്ന ഞങ്ങളുടെ നേർക്കു നോക്കി തൊഴിലാളികൾ എല്ലാവരും നിൽപ്പായിരുന്നു…
ശരി സാറേ.. കുമാരൻ ജൂനിയർ നേതാവിൻ്റെ അടുത്തേക്കു പോയി. അവർ തമ്മിലൊരു ചെറിയ ചർച്ചയ്ക്കു ശേഷം രണ്ടും കൂടെ ഇത്തിരി കുറഞ്ഞ റേറ്റു പറയാമെന്ന് തീരുമാനമായി. അപ്പോഴാണ് ഒരു സ്ത്രീ വെളിയിലേക്കു വന്നത്. ഒരയഞ്ഞ, നിറം കുറഞ്ഞ മാക്സിയും ഇരു നിറത്തിൽ എണ്ണമയമുള്ള മുഖവും എൻ്റെ കണ്ണിൽപ്പെട്ടു. അങ്ങനെ ആകർഷകമായി ഒന്നുമില്ല, ആ രൂപത്തിൽ..
ഒന്നൊഴിച്ചാൽ… സാമാന്യം നല്ല ഉയരമുണ്ട്. സാധാരണ നാട്ടിലെ സ്ത്രീകളേക്കാൾ. ചേട്ടൻ ഇപ്പോ വരും. കോളേജിൽ നിന്നും ഫോൺ വന്നതാണ്. അവർ മൊഴിഞ്ഞു. അടുത്ത അത്ഭുതം. ഇമ്പമുള്ള സ്വരം. ഒരു പതിനാറോ പതിനെട്ടോ മാത്രം പ്രായം കണ്ടേക്കാവുന്ന പെൺകുട്ടിയുടെ സ്വരം..
അപ്പഴേക്കും വീട്ടുകാരൻ വെളിയിൽ വന്നു. ആ സ്ത്രീയുടെ ചെവി വരെ മാത്രമേ അങ്ങേർക്ക് പൊക്കമുള്ളൂ.. നേതാക്കന്മാർ എന്തോ പറയുന്നതു കണ്ടു. ശരി! വീട്ടുകാരൻ ചാടി സമ്മതിക്കുകേം ചെയ്തു…. ഞാൻ മെല്ലെ നടന്നു നീങ്ങി…
മഴേം കൊണ്ടു നടന്നു അല്ലേ! വേഗമിങ്ങു വന്നൂടേ! ഭാര്യയാണ്. ലതിക. എൻ്റെയും എല്ലാരുടേയും ലതി! ഇനി പനി പിടിച്ചു കിടന്നാൽ എനിക്കു ജോലിയായില്ലേ! അവൾ മന്ദഹാസമൊളിപ്പിച്ചു വെച്ച് സാരിത്തലപ്പെടുത്ത് എൻ്റെ തല അമർത്തിത്തോർത്തി. വെളുത്തു മെലിഞ്ഞ ഭംഗിയുള്ള പെണ്ണാണ് ലതി. രണ്ടു പെറ്റതാണെന്നോ, രണ്ടാഴ്ച്ചയ്ക്കു മുന്നേ ഒരമ്മൂമ്മയായെന്നോ അവളെക്കണ്ടാൽ പറയില്ല.