ഓഹ്! അവളുടെ കണ്ണുകൾ തിളങ്ങി. ലതിച്ചേച്ചിക്കെന്താണിഷ്ട്ടം?
ഗ്രീൻ ടീ. തുളസിചേർന്നതാണേല് വളരെയിഷ്ട്ടം. ഉം? ന്താടീ? ഞാൻ പുരികമുയർത്തി.
എന്നോട് ഇതുവരെ ആരും എന്താണിഷ്ട്ടം, എന്തുവേണം… ഇങ്ങനെയൊന്നും ചോദിച്ചിട്ടില്ല. ആദ്യായിട്ടാണ് എനിക്കെന്താണിഷ്ട്ടമെന്ന്… അവളുടെ സ്വരമിടറി…
ഞാനൊന്നും മിണ്ടാതെ അവളുടെ കൈവിരലുകൾ മെല്ലെത്തലോടി… ഓംലെറ്റ്, കട്ട്ലെറ്റ് ഇത്യാദി വന്നപ്പോൾ വിരലുകൾ പിൻ വലിച്ചു…
ഘോരമായ വിശപ്പു ബാധിച്ചിരുന്നു… ഞങ്ങൾ ആർത്തിപ്പണ്ടാരങ്ങളായി മാറി. കത്തലടങ്ങിയപ്പോൾ മുഖമുയർത്തി.
പാനീയങ്ങൾ അവസാനമാണ് വന്നത്. ഞങ്ങൾ നിശ്ശബ്ദരായിരുന്നു… ഞാൻ കടലിലേക്കു കണ്ണു നട്ടിരുന്നു. ഇപ്പോൾ ആകാശം കുറച്ചുകൂടി ഇരുണ്ടു. കടലും. തിരകളുടെ വലിപ്പം കൂടിവരുന്നു.
വിശ്വം. അവസാനം അവൾ മൗനം മുറിച്ചു. ഞാൻ കണ്ണുകളുയർത്തി അവളെ നോക്കി പുഞ്ചിരിച്ചു.
നീ എന്നു വിളിച്ചോട്ടെ? എടാ പോടാന്നൊക്കെ? ഇത്തിരി സംശയത്തോടെ.. മടിച്ചുകൊണ്ടവൾ ചോദിച്ചു.
തീർച്ചയായും! തെറിയൊഴിച്ച് എന്തു വേണേലും വിളിച്ചോടീ! ഞാൻ പതിവുപോലെ മുപ്പത്തിരണ്ടു പല്ലുകളും കാട്ടി.
പിന്നേം തമാശ! അവളെൻ്റെ വിരലുകളിൽ ഒരു ഞൊട്ടു തന്നു… പിന്നേ.. അവൾ തുടങ്ങി…ഞാനവളെ ചുമ്മാ നോക്കിയിരുന്നു.
ഞാൻ ജീവിതത്തിൽ കണ്ടുമുട്ടിയ ഒരാൾ… അതായത്… മറ്റുള്ളവർ പറയുന്നതു കേൾക്കാനും, മനസ്സിലാക്കാനും ഒക്കെയുള്ള ഒരു കഴിവ്… അത് നിനക്കുണ്ട് വിശ്വം. എനിക്കറിയാം.. നിൻ്റെ മുന്നിൽ ഞാനൊരു പൊട്ടിപ്പെണ്ണാണ്. ഞാനെന്തെങ്കിലുമൊക്കെ മണ്ടത്തരം വിളമ്പിയാലും നീയത് എത്ര ശ്രദ്ധയോടെയാണ് കേൾക്കുന്നത്! ഓഫീസിലും ലതിച്ചേച്ചീടെയടുത്തുമൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.