ഇവൾ കൊഞ്ചുമ്പോൾ പെങ്ങളൂട്ടിയുടെ ഓർമ്മകൾ, ഇവൾ മാറിൽ അണച്ചു പിടിച്ചാശ്വസിപ്പിക്കുമ്പോൾ അമ്മയുടെ തലോടലുകൾ, ശാസിക്കുമ്പോൾ അച്ഛന്റെ ശാസനകൾ പോലും നിമിഷ നേരം എനിക്കാനുഭവപ്പെടാറുണ്ട്..
ആയിരം പ്രാവശ്യം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും, ഇവളേ കാണുമ്പോൾ പഠിച്ചതെല്ലാം കാറ്റിൽ അലിയുന്നത് പോലെ മാഞ്ഞു പോകും.. അറിയാതെ പടരുന്ന പ്രണയത്തിന്റെ മന്ത്രികത. എത്ര നിഷേധിച്ചാലും എനിക്കവളോട് തോന്നുന്നത് പ്രണയമാണ് എന്നത് ഒരു സത്യം മാത്രമാണ്.
ഞാൻ മെല്ലെയാ കൈ വിടുവിച്ചു, പിന്നെ എഴുന്നേറ്റു ഷർട്ട് എടുത്തിട്ട് പുറത്തേക്ക് നടന്നു. വാതിൽ ചേർത്തടച്ചു പുറത്തിറങ്ങി നേരെ ബൈക്ക് എടുത്തു ഫ്ലാറ്റിലേക്ക് വീട്ടു. ഒരു മണിക്കൂറിനുള്ളിൽ കാറുമായി ഞാൻ തിരികെയെത്തി.
വാതിൽ തുറന്ന് ഉള്ളിലെത്തുമ്പോഴും സമീറ ഉറക്കത്തിൽ തന്നെയായിരുന്നു. മുറിയിലെ അലമാര തുറന്നു ഒരു ബാഗ് എടുത്തു അവളുടെ കുറച്ചു തുണികൾ എടുത്തു അതിൽ വച്ചു. ബാഗ് കൊണ്ടു കാറിൽ വച്ചു തിരികെയെത്തി.
“സമീറ..”
“മ്മും..”
“സമീറ..”
“ഏഹ്ആം….”
“എണീക്ക്…”
“മും.. കുറച്ചു കൂടി കഴിയട്ടെ…” അവളൊന്നു കൂടി ചുരുണ്ടു കൂടി…
“പെണ്ണേ ഒൻപതു മണിയായി…”
“അള്ളോഹ്…ഒൻപതോ..” സമീറ ചാടിയെഴുന്നേറ്റു… പിന്നെ തട്ടിപ്പിടഞ്ഞു കട്ടിലിൽ നിന്നിറങ്ങി, ചുവരിലെ ക്ലോക്കിലേക്ക് നോക്കി..
സമയം ആറെ മുക്കാൽ ആയതേയുള്ളു എന്ന് കണ്ടതോടെ അവളൊന്ന് ശ്വാസം വിട്ടു , പിന്നെ കലിയോടെ തിരിഞ്ഞെന്നെ നോക്കി. ഞാനൊന്നു ഇളിച്ചു കാണിച്ചു.